ലാലിഗയിൽ റയൽ മാഡ്രിഡിന് തുടർച്ചയായ മൂന്നാം വിജയം. കഴിഞ്ഞ സീസണിൽ പലപ്പോഴും കണ്ടത് പോലെ കളിയുടെ അവസാന നിമിഷങ്ങളിൽ ആയിരുന്നു ഇന്ന് റയലിന്റെ വിജയ ഗോളുകൾ വന്നത്. ഇന്ന് എവേ മത്സരത്തിൽ എസ്പാൻയോളിനെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. 88ആം മിനുട്ടിലും 99ആം മിനുട്ടിലും ഗോളടിച്ച് ബെൻസീമ റയലിന്റെ ഹീറോ ആയി.
ഇന്ന് മത്സരത്തിന്റെ 12ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ ഗോളിൽ റയൽ മാഡ്രിഡ് ആണ് ഇന്ന് കളിയിലെ ആദ്യ ഗോൾ നേടിയത്. ചൗമനിയുടെ പാസിൽ നിന്നായിരുന്നു വിനീഷ്യസിന്റെ ഗോൾ. ആദ്യ പകുതിയുടെ അവസാനം ഈ ഗോളിന് എസ്പാൻയോൾ മറുപടി നൽകി. 43ആം മിനുട്ടിൽ ഹൊസേലു ആണ് സമനില ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ വിജയ ഗോളിനായി റയൽ മാഡ്രിഡ് ഏറെ ശ്രമിച്ചു. അവസാനം 88ആം മിനുട്ടിൽ ബെൻസീമ രക്ഷകനായി. വിനീഷ്യസിന്റെ ക്രോസിൽ നിന്നായിരുന്നു ബെൻസീമയുടെ ഫിനിഷ്. സ്കോർ 2-1.
ഈ ഗോളിന് ശേഷം എസ്പാൻയോൾ ഗോൾ കീപ്പർ ലെകോംറ്റെ ചുവപ്പ് കണ്ട് പുറത്ത് പോയി. പിന്നാലെ ഒരു ഫ്രീകിക്കിലൂടെ ബെൻസീമ തന്റെ രണ്ടാം ഗോൾ നേടി റയലിന്റെ വിജയം ഉറപ്പിച്ചു.
മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ റയൽ മാഡ്രിഡ് ലീഗിൽ 9 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.