ഐ എസ് എൽ അഞ്ചാം സീസണ് ഇന്ന് കലാശക്കൊട്ട്. മുംബൈയിൽ നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ് സിയും എഫ് സി ഗോവയുമാണ് ഏറ്റുമുട്ടുന്നത്. ഇരുവരും ചരിത്രത്തിലെ അവരുടെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ലീഗ് ഘട്ടത്തിൽ ഒന്നാമതും രണ്ടാമതും ഫിനിഷ് ചെയ്ത ടീമുകളാണ് ബെംഗളൂരു എഫ് സിയും എഫ് സി ഗോവയും.
കഴിഞ്ഞ ഫൈനലിൽ പരാജയപ്പെട്ട ബെംഗളൂരു എഫ് സി ഇത്തവണ അങ്ങനെയൊന്ന് ആവർത്തിക്കരുത് എന്ന് ഉറപ്പിച്ചാകും ഇറങ്ങുന്നത്. മികു, ഛേത്രി, ഉദാന്ത എന്നിവരുടെ ഫോം ആണ് ബെംഗളൂരു എഫ് സിയുടെ പ്രതീക്ഷ. സെമി ഫൈനലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്നാണ് ബെംഗളൂരു ഫൈനലിൽ എത്തിയത്. സെമിയിൽ ആദ്യ പാദത്തിൽ പരാജയപ്പെട്ട ശേഷമായിരുന്നു ബെംഗളൂരുവിന്റെ ഫൈനൽ യാത്ര.
കോറോയുടെയും എഡു ബേഡിയയുടെയും മികവിലാണ് എഫ് സി ഗോവയുടെ വിശ്വാസം. കോറോ ആണ് ഈ സീസണിലും ലീഗിലെ ടോപ്പ് സ്കോറർ. എന്നാൽ ബെംഗളൂരുവിനെതിരെ പതറുന്നത് പതിവാക്കിയ ഗോവയ്ക്ക് ആ പേടി ഇന്നുമുണ്ട്. ഇതുവരെ ഇരുവരും നാലു തവണ മുമ്പ് ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും ബെംഗളൂരുവിനായിരുന്നു വിജയം. സെമി ഫൈനലിൽ മുംബൈ സിറ്റിയെ മറികടന്നായിരുന്നു ഗോവയുടെ ഫൈനൽ പ്രവേശനം.