ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ബെംഗളൂരു എഫ്‌സി പൂനെ സിറ്റിയെ നേരിടും. തുടർച്ചയായ അഞ്ചാം വിജയത്തിന് വേണ്ടിയാണു ബെംഗളൂരു ഇന്നിറങ്ങുന്നത്. സ്റ്റാർ സ്‌ട്രൈക്കർ മികു ഇല്ലാതെയാണ് ബെംഗളൂരു ഇന്ന് കളത്തിൽ ഇറങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ ടേബിൾ ടോപ്പേഴ്‌സ് ആയ ബെംഗളൂരുവില് ലീഡുയർത്തുക എന്ന ഉദ്ദേശവുമുണ്ട്. ലീഗിൽ താളം കണ്ടെത്താൻ കഷ്ടപ്പെടുകയാണ് പൂനെ സിറ്റി.
ജാംഷെഡ്പൂരിനോട് ജയിച്ചെങ്കിലും ഹോം ഗ്രൗണ്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടേറ്റ പരാജയം അവരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ഈ സീസണിൽ മൂന്നു ക്ലീൻ ഷീറ്റുകൾ സൂക്ഷിച്ചിട്ടുള്ള ബെംഗളൂരുവിനെതിരെ ഗോളടിക്കുകയെന്നതാണ് പൂനെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇയാൻ ഹ്യൂം തിരിച്ചെത്തിയത് പൂനെക്ക് ആശ്വാസം പകരുന്നുണ്ട്. അതെ സമയം ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മോശം പ്രതിരോധമാണ് പൂനെ സിറ്റിയുടേത്. ഒരു ക്ലീൻ ഷീറ്റു പോലും സൂക്ഷിക്കാൻ സാധിക്കാതിരുന്ന പൂനെ 19 ഗോളുകളാണ് വഴങ്ങിയത്.