ഐ എസ് എല്ലിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു വാർത്ത ആണ് വന്നിരിക്കുന്നത്. ബെംഗളൂരു എഫ് സി അവരുടെ പരിശീലകനായ കാർലസ് കഡ്രറ്റിനെ പുറത്താക്കിയിരിക്കുകയാണ്. ഈ സീസണിലെ മോശം ഫോം കണക്കിലെടുത്താണ് പുറത്താക്കൽ. ബെംഗളൂരു എഫ് സി ലീഗിൽ അവസാന മൂന്നു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. മാത്രമല്ല അവർക്ക് ആ പഴയ ഫോമിൽ കളിക്കാനും ആയിരുന്നില്ല.
അവസാന അഞ്ചു സീസണുകളിലായി ബെംഗളൂരു എഫ് സിക്ക് ഒപ്പം കാർലസ് ഉണ്ടായിരുന്നു. ആദ്യ രണ്ടു സീസണുകളിൽ സഹ പരിശീലകനായും പിന്നീട് മൂന്ന് വർഷം മുഖ്യ പരിശീലകനായും കാർലസ് പ്രവർത്തിച്ചു. ബെംഗളൂരു എഫ് സിയെ ആദ്യ ഐ എസ് എൽ കിരീടത്തിലേക്ക് നയിച്ചതും കാർലസ് ആയിരുന്നു. കാർലസിന്റെ അഭാവത്തിൽ സഹ പരിശീലകൻ നൗഷാദ് മൂസ ബെംഗളൂരു എഫ് സിയെ നയിക്കും. ഈസ്റ്റ് ബംഗാളിന് എതിരായ മത്സരമാകും നൗഷാദ് മൂസയുടെ ആദ്യ ചുമതല. പുതിയ പരിശീലകൻ വരുന്നത് വരെ നൗഷാദ് മൂസ ആകും ബെംഗളൂരുവിന്റെ തന്ത്രങ്ങൾ മെനയുക. അവസാന നാലു സീസണുകളിലായി ബെംഗളൂരുവിനൊപ്പം ഉള്ള വ്യക്തിയാണ് നൗഷാദ് മൂസ.