പാക്കിസ്ഥാനെ ടെസ്റ്റ് ക്രിക്കറ്റിനായി ഇനി ആരെങ്കിലും വിളിക്കുമോ എന്നെനിക്ക് ഭയമുണ്ട് – ഷൊയ്ബ് അക്തര്‍

ന്യൂസിലാണ്ടിനെതിരെ നേരിടേണ്ടി വന്ന ദയനീയ പരാജയത്തിന് ശേഷം ടീമിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം ഷൊയ്ബ് അക്തര്‍. ഇത്തരത്തിലുള്ള പ്രകടനമാണ് ടീം മുന്നോട്ട് വയ്ക്കുന്നതെങ്കില്‍ മറ്റു രാജ്യങ്ങള്‍ ഇനി പാക്കിസ്ഥാനെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ സ്വാഗതം ചെയ്യുമോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്ന് അക്തര്‍ പറഞ്ഞു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി ഒഴിവാക്കുവാന്‍ അഞ്ചാം ദിവസത്തിന്റെ അവസാനം വരെ പാക്കിസ്ഥാന്‍ ശ്രമിച്ചുവെങ്കിലും മത്സരത്തില്‍ 101 റണ്‍സിന്റെ തോല്‍വി ടീം ഏറ്റു വാങ്ങി. രണ്ടാം മത്സരത്തില്‍ ഇന്നിംഗ്സിന്റെയും 176 റണ്‍സിന്റെയും തോല്‍വിയാണ് ടീമിനെ തേടിയെത്തിയത്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീമിനെ കടുത്ത ഭാഷയില്‍ ഷൊയ്ബ് അക്തര്‍ വിമര്‍ശിച്ചത്. ടെസ്റ്റ് മത്സരം കൈവിട്ടുവെന്നതല്ല അത് ഏത് തരത്തിലാണ് കൈവിട്ടതെന്ന് കൂടി പാക്കിസ്ഥാന്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഇത്തരത്തിലാണ് പ്രകടനമെങ്കില്‍ പാക്കിസ്ഥാനെ ആരും ടെസ്റ്റ് ക്രിക്കറ്റിനായി അവരുടെ നാട്ടിലേക്ക് വിളിക്കില്ലെന്നും അക്തര്‍ വ്യക്തമാക്കി.

എപ്പോളെല്ലാം പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നുവോ ടീമിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്ന് കാട്ടപ്പെടുകയാണെന്നും അക്തര്‍ പറഞ്ഞു. ടീം അടുത്തതായി നേരിടുന്നത് ദക്ഷിണാഫ്രിക്കയെ ആയതിനാല്‍ തന്നെ തനിക്ക് ഇനിയും പ്രതീക്ഷയൊന്നുമില്ലെന്നും അക്തര്‍ സൂചിപ്പിച്ചു.