സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സ് എഫ്.സിയുമായി പങ്കാളിത്ത കരാറിൽ ഒപ്പ് വെച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി. രണ്ടു വർഷത്തേക്കാണ് പങ്കാളിത്ത കരാറിൽ ബെംഗളൂരു എഫ്.സിയും റേഞ്ചേഴ്സ് എഫ്.സിയും ഒപ്പു വെച്ചത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്ലബ്ബുമായുള്ള പങ്കാളിത്തം ബെംഗളൂരു എഫ്.സിക്കും ഇന്ത്യൻ സൂപ്പർ ലീഗിനും ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
മുൻ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡാണ് നിലവിൽ റേഞ്ചേഴ്സ് എഫ്.സിയുടെ പരിശീലകൻ. പങ്കാളിത്ത കരാർ പ്രകാരം റേഞ്ചേഴ്സ് അക്കാദമി ഇന്ത്യയിൽ ട്രെയിനിങ് ക്യാമ്പുകളും സംഘടിപ്പിക്കും. ഇന്ത്യയിലെ യുവതാരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളും റേഞ്ചേഴ്സ് എഫ്.സി ഈ കരാറിന്റെ ഭാഗമായി നടത്തും. കൂടാതെ റേഞ്ചേഴ്സ് അക്കാദമി ബെംഗളൂരുവിൽ ഫുട്ബോൾ സ്കൂൾ തുടങ്ങുകയും ചെയ്യും. ഇന്ത്യൻ മാർക്കറ്റിൽ താങ്കളുടെ സാന്നിദ്ധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റേഞ്ചേഴ്സ് എഫ്.സി ബെംഗളൂരു എഫ്.സിയുമായി കരാറിൽ എത്തിയത്.