താന്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം തനിക്ക് ബിസിസിഐയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന വിരാട് കോഹ്‍ലിയുടെ പ്രസ്താവനയെക്കുറിച്ച് വ്യക്തതയില്ലെന്ന് പറഞ്ഞ് ബിസിസിഐ ഒഫീഷ്യൽ. എംഎസ് ധോണി മാത്രമാണ് തന്നെ ബന്ധപ്പെട്ടതെന്നും മറ്റാരും തന്നോട് കാര്യങ്ങളൊന്നും ചോദിച്ചില്ലെന്നും കോഹ്‍ലി പറഞ്ഞു.
താരവും ബോര്‍ഡും തമ്മിൽ അത്ര രസത്തിൽ അല്ല എന്ന തരത്തിൽ പല വാര്‍ത്തകളും വന്നിരുന്നു. ഐപിഎലിന് ശേഷം കോഹ്‍ലി ഇന്ത്യന്‍ ടീമിൽ നിന്ന് ഏറെക്കാലം വിട്ട് നിന്നതും ഇക്കാര്യത്തിലേക്കുള്ള സൂചനയായി പലരും വിലയിരുത്തി.
എന്നാൽ പേര് വെളിപ്പെടുത്താത്ത ഒരു ബിസിസിഐ വക്താവ് പറഞ്ഞത് കോഹ്‍ലിയ്ക്ക് ബോര്‍ഡിന്റെ പിന്തുണ എന്നുമുണ്ടായിരുന്നുവെന്നും ബോര്‍ഡിലെ എല്ലാവരും ഒരു പോലെയാണ് കോഹ്‍ലിയെ പിന്തുണച്ചതെന്നുമാണ്. താരത്തിന് വിശ്രമം ആവശ്യമുള്ള ഘട്ടത്തിൽ അത് നൽകുവാനും ബോര്‍ഡ് തയ്യാറായിട്ടുണ്ടെന്നും കോഹ്‍ലി ഇപ്പോള്‍ പരാതിപ്പെടുന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഹ്‍ലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ താരത്തിന് ബിസിസിഐയിലെ എല്ലാ അംഗങ്ങളും സോഷ്യൽ മീഡിയയിലൂടെ സന്ദേശം അയയ്ച്ചിരുന്നുവെന്നും ഈ വ്യക്തി പറഞ്ഞു.