കൊറോണ വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്ത ഓഗസ്റ്റ് – സെപ്തംബർ മാസങ്ങളിൽ നടത്താൻ ബി.സി.സി.ഐ ശ്രമം നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ. നേരത്തെ മാർച്ച് 29ന് നടക്കേണ്ട ഐ.പി.എൽ ബി.സി.സി.ഐ ഇന്ത്യയിൽ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ഏപ്രിൽ 15നേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ കൊറോണ വൈറസ് ബാധ കൂടുതൽ പടർന്നതോടെ ഏപ്രിൽ 15ന് ഐ.പി.എൽ നടക്കാനുള്ള സാധ്യത കുറഞ്ഞിരുന്നു. കൂടാതെ കേന്ദ്ര സർക്കാർ 21 ദിവസത്തേക്ക് രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും ഐ.പി.എൽ നടത്തുന്നതിന് തിരിച്ചടിയായിരുന്നു.
പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് – സെപ്റ്റംബർ കാലഘട്ടത്തിൽ ഐ.പി.എൽ നടത്താനുള്ള ശ്രമമാണ് ബി.സി.സി.ഐ നടത്തുന്നത്. ഇനിയുള്ള നാല് മാസത്തിനുള്ളിൽ കൊറോണ വൈറസ് നിയന്ത്രണ വിധേയമാവുമെന്ന പ്രതീക്ഷയിലാണ് ഐ.പി.എൽ ആ സമയത്തേക്ക് നടത്താൻ ബി.സി.സി.ഐ ശ്രമം നടത്തുന്നത്. നിലവിൽ ഏഷ്യ കപ്പും ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനവും ആ സമയത്ത് ഉണ്ടെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ സമീപിച്ച് ഏഷ്യ കപ്പ് മാറ്റിവെക്കാനുള്ള ശ്രമവും ബി.സി.സി.ഐ നടത്തും. ഒക്ടോബറിൽ തുടങ്ങുന്ന ടി20 ലോകകകപ്പിന് മുൻപായി ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയും കളിക്കുന്നുണ്ട്. ബി.സി.സി.ഐക്ക് കൂടുതൽ വരുമാനം ഉണ്ടാക്കികൊടുക്കുന്ന ടൂർണമെന്റാണ് ഐ.പി.എൽ. കൂടാതെ വിദേശ താരങ്ങളെ ഒഴിവാക്കി ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഐ.പി.എൽ നടത്താനുള്ള പദ്ദതികളും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്.