ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ ഐ.പി.എല്ലിൽ വിപ്ലവ മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ. ഒരു ഓവറിന്റെ അവസാനത്തിലോ അല്ലെങ്കിൽ ഒരു വിക്കറ്റ് പോവുമ്പോഴോ ഒരു താരത്തെ പകരക്കാരനായി ഇറങ്ങാനുള്ള വിപ്ലവ തീരുമാനം ഐ.പി.എല്ലിൽ ഉൾപ്പെടുത്താനാണ് ബി.സി.സി.ഐ ഉദ്ദേശിക്കുന്നത്. പവർ പ്ലയെർ എന്ന് പേരിട്ടിരിക്കുന്ന ഈ പകരക്കാരനെ മത്സരത്തിന്റെ ഏതു ഘട്ടത്തിലും ടീമിന് ഇറക്കാൻ കഴിയും.
ഈ തീരുമാനത്തിന് പ്രാഥമിക അംഗീകാരം ലഭിച്ചതായും നാളെ നടക്കുന്ന ഐ.പി.എൽ ഗവേർണിംഗ് കൌൺസിൽ മീറ്റിങ്ങിൽ ചർച്ച ചെയ്യുമെന്നും ബി.സി.സി.ഐ പ്രധിനിധി വ്യക്തമാക്കി. കൂടാതെ നിലവിൽ ഒരു ടീം മത്സരത്തിന്റെ തുടക്കത്തിൽ 11 പേരെ പ്രഖ്യാപിക്കുന്നതിന് പകരം 15 പേരെ പ്രഖ്യാപിക്കുന്ന രീതിയിലേക്ക് മാറാനും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്. ഇത് പ്രകാരം എതിരാളികളെ ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ താരങ്ങളെ ഇറക്കാനും ടീമുകൾക്ക് കഴിയുമെന്നും ബി.സി.സി.ഐ പ്രധിനിധി വ്യക്തമാക്കി. അടുത്ത നടക്കാൻ പോവുന്ന മുഷ്താഖ് അലി ട്രോഫിയിൽ ഇത് പരീക്ഷിക്കാനും ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്.