യുവേഫ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്. സൂപ്പർ കപ്പ് ഫൈനലിൽ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ മറികടന്നാണ് ബയേൺ മ്യൂണിക് സൂപ്പർ കപ്പ് സ്വന്തമാക്കിയത് (2-1). ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ച മത്സരത്തിൽ എക്സ്ട്രാ ടൈമിൽ ഹാവി മാർട്ടിനസ് നേടിയ ഗോളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്.
മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഒക്കമ്പോസ് ആണ് സെവിയ്യക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. റാകിറ്റിച്ചിനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയാണ് ഒക്കമ്പോസ് ഗോളാക്കി മാറ്റിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ബയേൺ മ്യൂണിക് ഗോരെസ്കെയിലൂടെ മത്സരത്തിൽ സമനില പിടിച്ചു.
തുടർന്ന് രണ്ടാം പകുതിയിൽ ബയേൺ മ്യൂണിക് ലെവൻഡോസ്‌കിയിലൂടെ രണ്ടാമത്തെ ഗോൾ നേടിയെങ്കിലും വാർ ഗോൾ നിഷേധിക്കുകയായിരുന്നു. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഹാവി മാർട്ടിനസിന്റെ ഗോളിൽ ബയേൺ മ്യൂണിക് സൂപ്പർ കിരീടം ഉറപ്പിക്കുകയായിരുന്നു.