ബയേൺ മ്യൂണിച്ചിന് ഈ സീസൺ എളുപ്പമായേക്കില്ല. തുടർച്ചയായ രണ്ടാം മത്സരത്തിലും ജയിക്കാൻ കഴിയാതെ കളി അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ് ബയേൺ ഇന്ന്. കഴിഞ്ഞ കളിയിൽ സമനില ആയിരുന്നു എങ്കിൽ ഇന്ന് പരാജയം തന്നെ നേരിടേണ്ടി വന്നു ബയേണ്. ഹേർത ബെർലിനാണ് ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബയേണെ തോൽപ്പിച്ചത്.
ബയേൺ മ്യൂണിച്ചിന്റെ സീസണിലെ ആദ്യ പരാജയമാണിത്. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകളാണ് ബയേണെ തോൽപ്പിച്ചത്. 23ആം മിനുട്ടിൽ ഇബിസെവിചാണ് പെനാൾട്ടിയിലൂടെ ഹെർതയ്ക്ക് ലീഡ് നൽകിയത്. 44ആം മിനുറ്റിൽ ദുദ ലീഡ് ഇരട്ടിയാക്കി. കളിയിൽ 70 ശതമാനത്തിൽ അധികം പൊസഷൻ ഉണ്ടായിട്ടും ഒരു ഗോൾ പോലും കണ്ടെത്താൻ ബയേണായില്ല. 2009ന് ശേഷം ആദ്യമായാണ് ബയേൺ ഹെർതയോട് തോൽക്കുന്നത്.
ഈ തോൽവി ബയേർണെ ഒന്നാം സ്ഥാനത്ത് നിന്ന് മാറ്റാനും സാധ്യതയുണ്ട്. ഇപ്പോൾ 6 കളികളിൽ നിന്നായി 13 പോയന്റാണ് ബയേണ് ഉള്ളത്. ഡോർട്മുണ്ടൊ വെർഡർ ബ്രെമനൊ അടുത്ത മത്സരം ജയിച്ചാൽ ബയേണ് ഒന്നാം സ്ഥാനം നഷ്ടമാകും.