ലോകകപ്പ് തുടങ്ങുന്നതിനു മുമ്പുള്ള അവസാന മത്സരത്തിൽ ലീഗിലെ അവസാന സ്ഥാനക്കാർ ആയ ഷാൽക്കയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നു ബയേൺ മ്യൂണിക്. ജയത്തോടെ ലോകകപ്പിന് പിരിയുമ്പോൾ ലീഗിൽ ഒന്നാമത് തങ്ങൾ ആണെന്നും ബയേൺ ഉറപ്പിച്ചു. അതേസമയം 15 കളികളിൽ 9 പോയിന്റുകളും ആയി അവസാമതുള്ള ഷാൽക്ക തരം താഴ്ത്തൽ ഭീഷണിയിൽ ആണ്. ആദ്യ പകുതിയിൽ നന്നായി പ്രതിരോധിച്ചു നിന്ന ഷാൽക്കക്ക് അവസാനം പിഴച്ചു.
38 മത്തെ മിനിറ്റിൽ ജമാൽ മുസിയാലയുടെ ബാക് ഹീൽ പാസിൽ നിന്നു ഗോൾ കണ്ടത്തിയ സെർജ് ഗനാബ്രി ബയേണിന് മത്സരത്തിൽ മുൻതൂക്കം നൽകി. ഷാൽക്കയുടെ ചെറുത്ത് നിൽപ്പ് ഇതോടെ അവസാനിച്ചു. 52 മത്തെ മിനിറ്റിൽ ഷാൽക്ക ഫ്രീകിക്കിൽ നിന്നു തുടങ്ങിയ വേഗമേറിയ കൗണ്ടർ അറ്റാക്കിന് ഒടുവിൽ മുസിയാലയുടെ പാസിൽ നിന്നു ഗോൾ നേടിയ എറിക് ചൗപ മോട്ടിങ് ബയേണിന്റെ ജയം പൂർത്തിയാക്കി. നിലവിൽ രണ്ടാം സ്ഥാനക്കാർ ആയ യൂണിയൻ ബെർലിനെക്കാൾ 6 പോയിന്റുകൾ മുന്നിൽ ആണ് ബയേൺ.