എട്ടു ഗോൾ അടിക്കുന്നത് ബയേണ് പുതിയ കാര്യമല്ല. എന്നാൽ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ബയേൺ എട്ടു ഗോളടിക്കും എന്ന് ആരും കരുതിയില്ല. ബുണ്ടസ് ലീഗയിൽ ആദ്യ മത്സരത്തിൽ ഷാൽക്കെയാണ് ബയേണിന്റെ ആക്രമണത്തിന് ഇരയായത്. എതിരില്ലാത്ത എട്ടു ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്കിന്റെ ഇന്നത്തെ വിജയം. കഴിഞ്ഞ അവസാനിപ്പിച്ച സ്ഥലത്ത് നിന്ന് ഒട്ടും ഫോം ചോരാതെയാണ് ബയേൺ ഇന്ന് കളി തുടങ്ങിയത്.
ഹാട്രിക്കുമായി ഗ്നാബരി ആണ് ഇന്ന് ബയേണിന്റെ താരമായത്. മത്സരം തുടങ്ങി എട്ടാം മിനുട്ടിൽ തന്നെ ഗ്നാബറി ഗോളടി തുടങ്ങിയിരുന്നു. 31, 47 മിനുട്ടുകളിലെ ഗോളുകൾ കൂടി ആയതോടെ താരം ഹാട്രിക്ക് തികച്ചു. ലെവൻഡോസ്കി, മുള്ളർ, സാനെ, മുസിയല, ഗൊരെസ്ക എന്നിവരുടെ ഗോളുകൾ ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു. ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന ചെയ്ത് കൊണ്ട് മുൻ മാഞ്ചസ്റ്റർ സിറ്റി താരം സാനെ ഇന്ന് ബയേണ് വേണ്ടി അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ സീസണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണക്ക് എതിരെ എട്ടു ഗോളുകൾ അടിച്ച ടീമാണ് ബയേൺ. ഈ സീസണിലും ഹാൻസി ഫ്ലിക്കിന്റെ ടീമിന് ജർമ്മനിയിൽ വെല്ലുവിളി ഉണ്ടാകില്ല എന്ന സൂചനയാണ് ആദ്യ മത്സരത്തിൽ തന്നെ ലഭിച്ചത്.