ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്ത് ബയേണെതിരെ നാണം കെട്ട് കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾ ആയ ടോട്ടനം. ജർമ്മൻ ചാമ്പ്യൻമാർ ടോട്ടനത്തെ ഗോളിൽ മുക്കിയപ്പോൾ അവരുടെ ജയം രണ്ടിനെതിരെ 7 ഗോളുകൾക്ക്. ടോട്ടനത്തിന്റെ മുഖ്യശത്രുക്കൾ ആയ ആഴ്സണലിന്റെ മുൻ യുവതാരം സെർജ് ഗനാബ്രി നേടിയ 4 ഗോളുകൾ ആണ് ടോട്ടനത്തിന്റെ പരാജയം ഇത്രയും കടുത്തത് ആക്കിയത്. വമ്പൻ പരാജയത്തോടെ സമീപകാലത്ത് മോശം ഫോമിലുള്ള ടോട്ടനവും പരിശീലകൻ മൗറീസിയോ പോച്ചറ്റീന്യോയും ഇതോടെ കടുത്ത സമ്മർദ്ദത്തിൽ ആവും എന്നുറപ്പായി. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ഒളിമ്പിയാകോസിനെതിരെ സമനിലയും വഴങ്ങിയിരുന്നു ടോട്ടനം.
മത്സരം തുടങ്ങി 12 മത്തെ മിനിറ്റിൽ സോനിലൂടെ മുന്നിലെത്തിയ ടോട്ടനം പക്ഷെ വരാനിരിക്കുന്ന അപകടം കണ്ടു കാണില്ല. എന്നാൽ 15 മിനിറ്റിൽ ജോഷുവ കിമ്മിച്ചിന്റെ മനോഹരമായ ഗോളിൽ മത്സരത്തിൽ ഒപ്പമെത്തിയ ബയേൺ പിന്നീട് തിരിഞ്ഞു നോക്കിയില്ല. ആദ്യപകുതിയുടെ അവസാന നിമിഷം ടോട്ടനത്തിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ലെവൻഡോസ്കി ബയേണെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ മത്സരം തന്റേത് ആയി മാറ്റുന്ന ഗനാബ്രിയെ ആണ് ലോകം കണ്ടത്. രണ്ടാം പകുതിയിൽ 53, 55 മിനിറ്റുകളിൽ തന്റെ ആദ്യ രണ്ട് ഗോളുകൾ ഗനാബ്രി നേടി.
എന്നാൽ 61 മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച ഹാരി കെയ്ൻ മത്സരത്തിൽ ടോട്ടനത്തിന് പ്രതീക്ഷ നൽകി. എന്നാൽ ബയേൺ ഒരുങ്ങി തന്നെയായിരുന്നു. 83 മിനിറ്റിൽ തിയോഗ നൽകിയ മനോഹരമായ പന്ത് ലക്ഷ്യത്തിൽ എത്തിച്ച ഗനാബ്രി തന്റെ ഹാട്രിക്ക് പൂർണമാക്കി. പിന്നീട് 87 മിനിറ്റിൽ ലെവൻഡോസ്കി ഒരിക്കൽ കൂടി ലക്ഷ്യം കണ്ടപ്പോൾ ടോട്ടനം നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണു. തൊട്ടടുത്ത നിമിഷം തന്റെ നാലാം ഗോളും ബയേണിന്റെ ഏഴാം ഗോളും നേടിയ ഗനാബ്രി ടോട്ടനത്തിന്റെ നെഞ്ചിൽ അവസാന ആണിയും കൂടി അടിച്ചു. വമ്പൻ ജയത്തോടെ ഇത്തവണ തങ്ങളെ എഴുതി തള്ളേണ്ട എന്ന വ്യക്തമായ സൂചന ബയേൺ നൽകിയപ്പോൾ ഈ തോൽവി പോച്ചറ്റീന്യോയുടെ കസേര തെറിപ്പിക്കുമോ എന്നു കാത്തിരുന്നു കാണാം.