26 മത്തെ വയസ്സിൽ തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് ആണ് ബ്യോൺ ബോർഗ് എന്ന ടെന്നീസിലെ എക്കാലത്തെയും മഹാനായ താരം ടെന്നീസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിക്കുന്നത്. തുടർച്ചയായി 6 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയ തുടർച്ചയായി 5 വിംബിൾഡൺ കിരീടങ്ങൾ നേടിയ, 4 യു.എസ് ഓപ്പൺ ഫൈനലുകൾ കളിച്ച ചരിത്രം കണ്ട ഏറ്റവും മഹാനായ താരങ്ങളിൽ ഒരാൾ വെറും 26 മത്തെ വയസ്സിൽ ടെന്നീസിനോട് വിട പറഞ്ഞപ്പോൾ ഞെട്ടിയത് ടെന്നീസ് ലോകം ആയിരുന്നു. ബോർഗിന്റെ ഏറ്റവും വലിയ എതിരാളിയായ മറ്റൊരു ഇതിഹാസ താരം മകൻറോ വിരമിക്കൽ പിൻ വലിക്കാൻ ബോർഗിന്റെ പിറകെ നടന്ന സംഭവങ്ങൾ വരെ ഉണ്ടായി. പിന്നീട് 10 വർഷങ്ങൾക്ക് ശേഷം ഒരു തിരിച്ചു വരവിനു ബോർഗ് ശ്രമിച്ചു എങ്കിലും അത് പരാജയം ആയി. ഏതാണ്ട് അതേപോലെ ടെന്നീസ് ലോകത്തെ ഞെട്ടിച്ചിരിക്കുക ആണ് ലോക ഒന്നാം നമ്പർ താരം ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ബാർട്ടി ഇപ്പോൾ.
വെറും 25 മത്ത വയസ്സിൽ വനിത ടെന്നീസിൽ എതിരാളികൾ ഇല്ലാതെ ഒന്നാമത് തുടരുന്ന താരം ടെന്നീസിനോട് വിട പറഞ്ഞത് ഞെട്ടലോടെ ആണ് ടെന്നീസ് ലോകം കേട്ടത്. താൻ എന്ന അത്ലറ്റിന് അല്ല താൻ എന്ന വ്യക്തിയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ ആണ് വിരമിക്കൽ എന്നു പറഞ്ഞ ബാർട്ടി എന്നും ടെന്നീസിനെ താൻ ഇഷ്ടപ്പെടുന്നു എന്നും അത് ജീവിതത്തിൽ പ്രധാനപെട്ട ഒന്നായി തുടരും എന്നും വ്യക്തമാക്കി. ടെന്നീസിൽ സ്വന്തമാക്കാൻ ഉള്ളത് എല്ലാം താൻ സ്വന്തമാക്കി എന്നു പറഞ്ഞ ബാർട്ടി ഇനി തനിക്ക് മറ്റു സ്വപ്നങ്ങൾ തേടാനുള്ള സമയം ആണ് ഉള്ളത് എന്നും പറഞ്ഞു വക്കുന്നുണ്ട്. ടെന്നീസ് താരങ്ങളും ആരാധകരും ഞെട്ടലോടെ തന്നെയാണ് താരത്തിന്റെ വിരമിക്കൽ വാർത്തയോട് പ്രതികരിച്ചത്. ടെന്നീസിലെ 3 സർഫസിലും ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടിയ അപൂർവ്വം താരങ്ങളിൽ ഒരാൾ ആയ ബാർട്ടി യു.എസ് ഓപ്പൺ ഒഴിച്ചു മൂന്നു ഗ്രാന്റ് സ്‌ലാം കിരീടങ്ങളും സ്വന്തമാക്കിയ താരം ആണ്.
ഒപ്പം ലോക ഒന്നാം നമ്പർ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്ന നാലാമത്തെ താരം കൂടിയാണ് ബാർട്ടി. ഡബ്യു.ടി.എ ഫൈനൽസിലും ജയം കാണാൻ താരത്തിന് ആയിട്ടുണ്ട്. ഏതാണ്ട് 10 വർഷം നീണ്ട കരിയറിൽ 12 കിരീടങ്ങൾ ആണ് താരം സ്വന്തം പേരിലാക്കിയത്. ഡബിൾസിൽ തിളങ്ങി ടെന്നീസ് കരിയർ ആരംഭിച്ച ബാർട്ടി ടെന്നീസിലെ സമ്മർദ്ദത്തിൽ നിന്നു മാറി നിൽക്കാൻ ബിഗ് ബാഷ് ലീഗ് കളിക്കാൻ പോയതും പ്രസിദ്ധമാണ്. മികച്ച ക്രിക്കറ്റ് താരവും ഗോൾഫ് താരവും കൂടിയാണ് ബാർട്ടി. 2016 ൽ ടെന്നീസിലേക്ക് തിരിച്ചു വന്നു 2018 ൽ ഡബിൾസിൽ ഗ്രാന്റ് സ്‌ലാം(യു.എസ് ഓപ്പൺ) കിരീടം നേടിയ ബാർട്ടി 2018 മുതൽ വനിത ടെന്നീസിൽ വലിയ ശക്തിയായി മാറി. 2019 ൽ ഫ്രഞ്ച് ഓപ്പൺ കിരീടം, 2021 ൽ വിംബിൾഡൺ കിരീടം, 2022 ൽ ഓസ്‌ട്രേലിയയുടെ പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു ഓസ്‌ട്രേലിയൻ ഓപ്പൺ കിരീട നേട്ടം. എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബാർട്ടി സമീപകാലത്ത് വനിത ടെന്നീസ് ഭരിക്കുക തന്നെയായിരുന്നു.
ഓസ്‌ട്രേലിയയിലെ തദ്ദേശ ജനതയുടെ പാരമ്പര്യം ഉള്ള ബാർട്ടി 1978 നു ശേഷം ആദ്യമായി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ നാട്ടുകാരി കൂടിയാണ്. തന്റെ സമാന പാരമ്പര്യം പേറുന്ന ഇതിഹാസ ഓസ്‌ട്രേലിയൻ താരം എവോന ഗൂലഗാങ് കാവ്‌ലിക്ക് ശേഷം ലോക ഒന്നാം നമ്പർ ആയ ഓസ്‌ട്രേലിയൻ താരവും ബാർട്ടി തന്നെയാണ്. എന്നും മാന്യമായ പെരുമാറ്റം കൊണ്ടു എതിരാളികളുടെ ബഹുമാനം പിടിച്ചു പറ്റിയ ബാർട്ടി ടെന്നീസിലെ എല്ലാവരും ഇഷ്ടപ്പെടുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്. ഉറപ്പായിട്ടും സ്വീഡിഷ് ടെന്നീസിലും ലോക ടെന്നീസിലും ബോർഗ് എന്ന പോലെ ഓസ്‌ട്രേലിയൻ ടെന്നീസിലും ലോക ടെന്നീസിലും തന്റെ സിംഹാസനം ഉറപ്പിച്ച ശേഷം ആണ് ഈ ചെറിയ പ്രായത്തിൽ ബാർട്ടി ടെന്നീസ് റാക്കറ്റ് താഴെ വക്കുന്നത്. ബോർഗ് ചെയ്ത പോലെ ഒരു തിരിച്ചു വരവിനു ബാർട്ടി ശ്രമം നടത്തുമോ അല്ലെങ്കിൽ മികവ് കാണിക്കുന്ന ക്രിക്കറ്റ് പോലെയുള്ള മറ്റ് കായിക ഇനങ്ങളിലേക്ക് ബാർട്ടി ശ്രദ്ധ കാണിക്കുമോ എന്നു കാത്തിരുന്നു കാണാം. ബാർട്ടിയുടെ കാര്യത്തിൽ ചിലപ്പോൾ കുടുംബമായും ജീവിതത്തിൽ മറ്റൊരു മേഖലയിൽ ആയും സന്തോഷകരമായ ഒരു റിട്ടയർമെന്റ് ജീവിതം കാണാൻ ആണ് കൂടുതൽ സാധ്യത. ഉറപ്പായിട്ടും ലോക ടെന്നീസിലെ ഓർക്കേണ്ട പേരു തന്നെയായി ചരിത്രത്തിൽ ബാർട്ടി എന്നും നിലനിൽക്കും. ഓസ്‌ട്രേലിയൻ ടെന്നീസിനും അവിടുത്തെ തദ്ദേശീയ ജനതക്കും ആഷ് ബാർട്ടി എന്നത്തേയും വലിയ ഇതിഹാസം ആയി നിലനിൽക്കുക തന്നെ ചെയ്യും.