ബാഴ്സലോണക്ക് ഈ സീസണും നിരാശയുടേത് തന്നെ. കോപ ഡെൽ റേ കിരീടം നേടി എങ്കിലും ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും എല്ലാം അവർക്ക് നിരാശ മാത്രമേ ഈ സീസണിൽ ലഭിച്ചുള്ളൂ. ഇന്ന് ലാലിഗയിലെ ബാഴ്സലോണയുടെ കിരീട പോരാട്ടവും അവസാനിച്ചിരിക്കുകയാണ്. ഇന്ന് സെൽറ്റ വിഗോയോട് ഏറ്റ പരാജയം ബാഴ്സലോണയുടെ സീസണിന്റെ ചുരുക്ക രൂപം ആയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ ഇന്ന് പരാജയപ്പെട്ടത്.
മികച്ച രീതിയിൽ മത്സരം ആരംഭിച്ച ബാഴ്സലോണ 28ആം മിനുട്ടിൽ മെസ്സിയിലൂടെ ലീഡ് എടുത്തതായിരുന്നു. പക്ഷെ അതിനു ശേഷം അവർ തന്നെ കളി മറന്നു. 38ആം മിനുട്ടിൽ സാന്റിയാഗോ മിനയിലൂടെ സെൽറ്റ വിഗയുടെ സമനില ഗോൾ വന്നു. രണ്ടാം പകുതിയിൽ ലെങ്ലെറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്താവുക കൂടെ ചെയ്തതോടെ ബാഴ്സലോണ പൂർണ്ണമായും മത്സരം കൈവിട്ടു. 89ആം മിനുട്ടിൽ മിന തന്നെ സെൽറ്റയുടെ വിജയ ഗോളും നേടി.
വിജയമില്ലാത്ത ബാഴ്സലോണയുടെ തുടർച്ചയായ മൂന്നാം മത്സരമാണ് ഇത്. അവസാന അഞ്ചു മത്സരങ്ങളിൽ ആകെ ഒരു മത്സരം ആണ് ബാഴ്സലോണ വിജയിച്ചത്. ഇന്നത്തെ തോൽവിയോട് ബാഴ്സലോണ ആദ്യ രണ്ടു സ്ഥാനങ്ങളിലും എത്താൻ ആകില്ല എന്ന അവസ്ഥയിലാണ്. അവസാന 13 വർഷങ്ങളിൽ ആദ്യമായാണ് ബാഴ്സലോണ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഇല്ലാതെ ആകുന്നത്. 76 പോയിന്റുള്ള ബാഴ്സലോണ അവസാന മത്സരം വിജയിച്ചില്ല എങ്കിൽ അവരുടെ മൂന്നാം സ്ഥാനവും ഭീഷണിയിലാകും. 74 പോയിന്റുമായി സെവിയ്യ ബാഴ്സലോണക്ക് തൊട്ടുപിറകിൽ ഉണ്ട്.