കൊറോണ വൈറസ് ബാധ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ലാ ലീഗ ക്ലബ് ബാഴ്‌സലോണക്ക് അവസാനം ആശ്വാസ വാർത്ത. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി മെസ്സി അടക്കമുള്ള ബാഴ്‌സലോണ താരങ്ങൾ ശമ്പളം കുറക്കാൻ സമ്മതിച്ചതോടെയാണ് സാമ്പത്തിക പ്രതിസന്ധിയിലായ ബാഴ്‌സലോണക്ക് ആശ്വാസമായത്. താരങ്ങളുടെ ശമ്പളത്തിൽ കുറവുവരുത്തുന്നതോടെ ഏകദേശം 122 മില്യൺ യൂറോ ബാഴ്‌സലോണക്ക് ലാഭിക്കാൻ കഴിയും. കൂടാതെ 50 മില്യൺ യൂറോയോളം മൂന്ന് വർഷത്തിനുള്ളിൽ നൽകാവുന്ന രീതിയിലും താരങ്ങൾ അംഗീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധ മൂലം സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതിരുന്നത് ബാഴ്‌സലോണക്ക് കനത്ത തിരിച്ചടിയായിരുന്നു. താരങ്ങൾ ശമ്പളം കുറക്കാനുള്ള ബോർഡിന്റെ നിർദേശം അംഗീകരിക്കുകയും അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെടുകയും ചെയ്യും. ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ് കോമനും ശമ്പളം കുറക്കാൻ സമ്മതിച്ചിരുന്നു. നേരത്തെ പല ബാഴ്‌സലോണ താരങ്ങളും ശമ്പളം വെട്ടികുറക്കാൻ സമ്മതിച്ചിരുന്നില്ല.