“ബാഴ്സലോണ വിടാൻ താൻ തയ്യാറായിരുന്നില്ല” – കണ്ണീരോടെ മെസ്സി ബാഴ്സലോണയോട് യാത്ര പറഞ്ഞു

Newsroom

ലയണൽ മെസ്സി കണ്ണീരുമായി ബാഴ്സലോണയോട് യാത്ര പറഞ്ഞു. ഇന്ന് ബാഴ്സലോണയിൽ മെസ്സി തന്റെ അവസാന പത്ര സമ്മേളനം നടത്തി. താൻ ഇത്രയും വർഷം ബാഴ്സലോണയിൽ കളിച്ചിട്ടും യാത്ര പറയാൻ തയ്യാറായിരുന്നില്ല എന്ന് മെസ്സി പറഞ്ഞു. തന്റെ ജീവിതം മുഴുവൻ ഇവിടെ ആയിരുന്നു എന്നും അവസാന 20 കൊല്ലം തനിക്ക് ബാഴ്സലോണ വീടായിരുന്നു എന്നും മെസ്സി പറഞ്ഞു. കഴിഞ്ഞ സീസണിൽ താൻ ക്ലബ് വിടാൻ ആലോചിച്ചിരുന്നു. എന്നാൽ ഇത്തവണ ബാഴ്സലോണയിൽ തുടരാൻ ആയിരുന്നു തീരുമാനം. എന്നാൽ കാര്യങ്ങൾ എല്ലാം അപ്രതീക്ഷിതമായി മാറിമറഞ്ഞു. മെസ്സി പറഞ്ഞു.

അവസാന ഒന്നര വർഷമായി കാണികൾ ഇല്ലാത്ത ക്യാമ്പ്നുവിലാണ് താൻ കളിക്കുന്നത്. താൻ വിടപറയാൻ ആഗ്രഹിച്ചിരുന്നു എങ്കിൽ ഇതിനേക്കാൾ നല്ല രീതിയിൽ യാത്ര പറയുമായിരുന്നു. മെസ്സി പറഞ്ഞു. അവസാന 21 വർഷം താൻ ഇവിടെയാണ് നിന്നത്. കുറച്ചു വർഷങ്ങൾക്ക് ശേഷം ബാഴ്സലോണയിലേക്ക് തന്നെ തിരികെവരും എന്ന് തനിക്ക് ഉറപ്പാണ്. കാരണം ഇതാണ് തന്റെ ഹോം. മെസ്സി പറഞ്ഞു. ഭാവിയിൽ ക്ലബിൽ തിരിച്ചു വന്ന് ക്ലബിനായി എന്തെങ്കിലുൻ ചെയ്യാൻ ആകുമെന്ന് താൻ വിശ്വസിക്കുന്നു. ഈ ക്ലബിനെ ലോകത്തെ ഏറ്റവും മികച്ച്ക്ക് ക്ലബായി നിലനിർത്തേണ്ടതുണ്ട്. മെസ്സി പറഞ്ഞു.

ബാഴ്സലോണ ക്ലബും ആരാധകരും തന്നോട് ഇത്രയും കാലം കാണിച്ച സ്നേഹത്തിന് എന്നും നന്ദിയുണ്ടായിരിക്കും എന്നും മെസ്സി പറഞ്ഞു. താരം കരഞ്ഞു കൊണ്ടാണ് പത്ര സമ്മേളനം പൂർത്തിയാക്കിയത്.