കാത്തിരിപ്പിന് വിരാമം, ജൂൾസ് കൗണ്ടേ ഇനി ബാഴ്‌സലോണ താരം

Picsart 22 07 28 22 31 59 039

ആഴ്ച്ചകളോളം നീണ്ട നീക്കങ്ങൾക്കൊടുവിൽ ജൂൾസ് കുണ്ടേയെ ടീമിൽ എത്തിച്ചതായി ബാഴ്‌സലോണ പ്രഖ്യാപിച്ചു. അൻപത് മില്യൺ യൂറോയുടെ കൈമാറ്റ തുകയിലാണ് സെവിയ്യ തങ്ങളുടെ പ്രമുഖ താരത്തെ വിട്ടു കൊടുക്കുന്നത്. ഇതിന് പുറമെ പത്ത് മില്യൺ യൂറോയുടെ പ്രകടന മികവ് അനുസരിച്ചുള്ള തുകയും സെവിയ്യക്ക് നേടാൻ ആവും. താരത്തിന് വേണ്ടി ചെൽസി വാഗ്ദാനം ചെയ്ത തുകയിൽ നിന്നും കുറവാണ് ഇത്. എങ്കിലും ബാഴ്‌സലോണയിലേക്ക് തന്നെ പോകാൻ ഉള്ള താരത്തിന്റെ തീരുമാനം കൈമാറ്റത്തിൽ നിരണയകമായി. സാവിയുടെ ഇടപെടലും കുണ്ടേയുടെ തീരുമാനത്തെ സ്വാധീനിച്ചു.

അഞ്ചു വർഷത്തെ കാരറിലാണ് ഫ്രഞ്ച് താരം ബാഴ്‌സലോണയിലേക്ക് എത്തുന്നത്. ഏകദേശം ആറു മില്യൺ യൂറോയുടെ വാർഷിക വരുമാനമാണ് ബാഴ്‌സലോണ നൽകുക. പ്രീ സീസൺ ഒരുക്കങ്ങളുമായി സെവിയ്യയുടെ ക്യാമ്പിലായിരുന്ന താരം ബാഴ്‌സലോണയിൽ എത്തി മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി. അടുത്തിടെ പരിക്കിൽ നിന്നും മുക്തനായ താരം അമേരിക്കയിൽ നിന്നും മടങ്ങിയെത്തുന്ന ടീമിനോടൊപ്പം അടുത്ത വാരം മുതൽ പരിശീലനം ആരംഭിക്കും.
20220724 210313
ഇരുപത്തിമൂന്ന്കാരനായ പ്രതിരോധ താരം 2019ലാണ് ബോർഡെക്സിൽ നിന്നും സെവിയ്യയിലേക്ക് എത്തുന്നത്. അത് വരെയുള്ള സെവിയ്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൈമാറ്റ തുകക്കാണ് കുണ്ടേ സ്പെയിനിലേക്ക് എത്തിയത്. ആദ്യ സീസൺ മുതൽ തന്നെ സേവിയ്യ നിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ടീമിനായി നൂറ്റിമുപ്പതോളം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. വേഗവും മത്സരത്തിന്റെ ഗതി മനസിലാക്കാനുള്ള കഴിവും പാസിങ് പാടവവും താരത്തെ വമ്പൻ ടീമുകൾ നോട്ടമിടാൻ കാരണമായി. ബാഴ്‌സലോണക്ക് പുറമെ ചെൽസിയും കുണ്ടേയെ എത്തിക്കാൻ ശക്തമായി ശ്രമിച്ചു. ബാഴ്‌സലോണക്ക് മുൻപേ തങ്ങളുടെ ഓഫർ സെവിയ്യക്ക് നൽകാൻ സാധിച്ചെങ്കിലും കാര്യങ്ങൾ പിന്നീട് ചെൽസിയുടെ കൈയ്യിൽ നിന്നും വഴുതുകയായിരുന്നു. ഓഫർ അംഗീകരിച്ചതായി സെവിയ്യയിൽ നിന്നും ചെൽസിക്ക് ദിവസങ്ങളായിട്ടും മറുപടി ഒന്നും ലഭിക്കാതെ ഇരുന്നതോടെ തന്നെ ബാഴ്‌സ ഉദ്ദേശിച്ച പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത് എന്ന് ഉറപ്പായി.

വമ്പൻ താരങ്ങളെ എത്തിച്ചു ടീമിനെ ശക്തിപ്പെടുത്തുന്ന ബാഴ്‌സലോണയിലേക്ക് ഓടിവിലായി എത്തുന്ന താരമാണ് കുണ്ടേ. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഏറ്റവും മികച്ച താരങ്ങളെ എത്തിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ബാഴ്‌സലോണ. സാവിയുടെ കീഴിൽ പുതിയ തലത്തിലേക്ക് ഉയരാൻ ഈ ടീമിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.