ലാലിഗ കിരീടത്തിലേക്കുള്ള ബാഴ്സലോണയുടെ വഴികൾ കൂടുതൽ വിഷമകരമാകും. ഇന്ന് അതി നിർണായക മത്സരത്തിൽ ബാഴ്സലോണ സമനില വഴങ്ങിയിരിക്കുകയാണ്. ഇന്ന് സെൽറ്റ വിഗോയെ നേരിട്ട ബാഴ്സലോണ രണ്ട് തവണ ലീഡെടുത്തിട്ടും 2-2 സമനിലയുമായി മടങ്ങേണ്ടി വന്നു. റയൽ മാഡ്രിഡിനു പിറകിലേക്ക് പോകാനെ ബാഴ്സലോണയെ ഈ ഫലം സഹായിക്കുകയുള്ളൂ.
ആദ്യ പകുതിയിൽ മികച്ച പ്രകടനം നടത്തിയ ശേഷമാണ് ബാഴ്സലോണ പോയന്റ് നഷ്ടപ്പെടുത്തിയത്. മത്സരത്തിന്റെ 20ആം മിനുട്ടിൽ സുവാരസാണ് ബാഴ്സക്ക് ലീഡ് നൽകിയത്. മെസ്സിയുടെ ഫ്രീകിക്കിലെ മികച്ച പാസ് ഹെഡ് ചെയ്തായിരുന്നു സുവാരസ് വല കുലുക്കിയത്. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ സ്മൊലോവിലൂടെ സെൽറ്റ സമനില പിടിച്ചു.
വീണ്ടും മെസ്സി സുവാരസ് കൂട്ടുകെട്ട് ബാഴ്സക്ക് ലീഡ് നൽകി. ഇത്തവണയും മെസ്സി അസിസ്റ്റും സുവാർസിന്റെ ഗോളും. എന്നാൽ ആ ഗോളിന് ശേഷം ബാഴ്സലോണ കളി മറന്നു. 88ആം മിനുട്ടിൽ ആസ്പാസിന്റെ ഒരു ഫ്രീകിക്കിൽ സെൽറ്റ സമനില നേടി. അവസാന നിമിഷത്തിൽ വിജയിക്കാനുള്ള സുവർണ്ണാവസരം സെൽറ്റ നഷ്ടപ്പെടുത്തിയത് ബാഴ്സയുടെ ഭാഗ്യമായി.
ഇന്നത്തെ സമനില ബാഴ്സലോണയെ തൽക്കാലം റയലിനേക്കാൾ മുന്നിൽ ബാഴ്സലോണയെ എത്തിക്കും. പക്ഷെ നാളെ റയൽ വിജയിച്ചാൽ റയലിന് ബാഴ്സലോണയേക്കാൾ രണ്ട് പോയന്റിന്റെ ലീഡാകും.