ലൈക മർടെൻസിന്റെ ഇരട്ട ഗോളിൽ പി എസ് ജിയെ മറികടന്ന് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

Newsroom

വനിതാ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പി എസ് ജിയെ തോൽപ്പിച്ച് ബാഴ്സലോണ ഫൈനലിലേക്ക് കടന്നു‌. ഇന്ന് രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ബാഴ്സലോണ പി എസ് ജിയെ തോൽപ്പിച്ചത്. ആദ്യ പാദ സെമി ഫൈനലിൽ ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി പിരിഞ്ഞിരുന്നു. ഇന്ന് ബാഴ്സലോണയിൽ നടന്ന മത്സരത്തിൽ ലൈക മർടെൻസിന്റെ ഇരട്ട ഗോളുകളാണ് ബാഴ്സലോണയെ വിജയത്തിലേക്ക് നയിച്ചത്.

മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ ബാഴ്സലോണക്ക് ആയിരുന്നു. ലൈക ആണ് ഗോൾ നേടിയത്. 31ആം മിനുട്ടിൽ ലൈക തന്നെ ബാഴ്സയുടെ രണ്ടാം ഗോളും നേടി. 34ആം മിനുട്ടിൽ കറ്റോറ്റോ നേടിയ ഗോൾ ബാഴ്സലോണക്ക് ചെറിയ സമ്മർദ്ദം നൽകി എങ്കിലും ബാഴ്സലോണ ഡിഫൻസ് വിജയം ഉറപ്പിച്ചു.

ബാഴ്സലോണയുടെ തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. ഇത്തവണ തങ്ങളുടെ ആദ്യ കിരീടമാകും ബാഴ്സലോണ ലക്ഷ്യമിടുന്നത്. ചെൽസി ആകും ഫൈനലിൽ ബാഴ്സയുടെ എതിരാളികൾ.