ചെൽസി ഗോൾവല നിറച്ച് ബാഴ്സലോണ പെൺപടക്ക് ചാമ്പ്യൻസ് ലീഗ് കിരീടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ആദ്യമായി ബാഴ്സലോണ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ചെൽസിയെ തകർത്ത് തരിപ്പണമാക്കി കൊണ്ടാണ് ബാഴ്സലോണ വനിതകൽ കിരീടത്തിൽ മുത്തമിട്ടത്. മറുപടിയില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം.

ഇന്ന് മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ബാഴ്സലോണ ഗോളടി തുടങ്ങി. ഇടതു വിങ്ങിലൂടെ കുതിച്ചു വന്ന ലൈക മെർടൻസിന്റെ ഷോട്ട് ബാറിൽ തട്ടി ആദ്യ മടങ്ങി എങ്കിലും തിരികെ പന്ത് ബോക്സിൽ എത്തിയപ്പോൾ ക്ലിയർ ചെയ്യാനുള്ള ചെൽസി ഡിഫൻസിന്റെ ശ്രമം സെൽഫ് ഗോളായി മാറുക ആയിരുന്നു. തുടക്കത്തിൽ തന്നെ ലഭിച്ച ഗോൾ ബാഴ്സലോണക്ക് കളിയിൽ പൂർണ്ണ നിയന്ത്രണം നൽകി.

പതിനാലാം മിനുട്ടിൽ ബാഴ്സലോണയുടെ രണ്ടാം ഗോൾ എത്തി. ഇത്തവണ പെനാൾട്ടിയിൽ നിന്നായിരുന്നു ഗോൾ. പെനാൾട്ടി കിക്കെടുത്ത ക്യാപ്റ്റൻ പുടലസിന് ഒട്ടും പിഴച്ചില്ല. ഇരുപതാം മിനുട്ടിൽ ഐതാന ബൊന്മാടിയിലൂടെ ബാഴ്സ ലീഡ് മൂന്നാക്കി ഉയർത്തി. 36ആം മിനുട്ടിൽ ലൈക മെർടൻസിന്റെ ക്രോസിൽ നിന്ന് ഒരു ടാപിന്നിലൂടെ ഗ്രഹാം ഹാൻസൺ ബാഴ്സലോണയുടെ നാലാം ഗോളും നേടി.

രണ്ടാം പകുതിയിലും തിരിച്ചുവരാൻ ചെൽസിക്ക് ആയില്ല. കരുതലോടെ കളിച്ച ബാഴ്സലോണ രണ്ടാം പകുതിയിൽ വിജയൻ ഉറപ്പിച്ചു. ചെൽസിയുടെ വൻ താരങ്ങളായ ഹാർദറിനും ഫ്രാൻ കിർബിക്കും സാം കെറിനൊന്നും ഫൈനലിൽ ശോഭിക്കാൻ ആയില്ല. എന്നാൽ ബാഴ്സലോണയുടെ ലൈക മെർടൻസും ഹാമ്രൊയിയും ഒക്കെ അവരുടെ ഏറ്റവും മികവിൽ ഇന്ന് കളിക്കുകയും ചെയ്തു. ഈ സീസണിൽ സ്പെയിനിൽ 26 മത്സരങ്ങളിൽ നിന്ന് 126 ഗോളുകൾ അടിച്ച ടീമാണ് ബാഴ്സലോണ. ഇന്നത്തെ പ്രകടനം ഒരു അത്ഭുതമല്ല എന്ന് ബാഴ്സലോണയുടെ സ്പെയിനിലെ റെക്കോർഡ് കണ്ടാൽ മനസ്സിലാക്കാം.

ബാഴ്സലോണയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. കഴിഞ്ഞ സീസൺ ഫൈനലിൽ ലിയോണിനോട് പരാജയപ്പെട്ട് കിരീടം നഷ്മായതിന്റെ സങ്കടമാണ് ബാഴ്സലോണ ഇന്നത്തെ വിജയത്തോടെ തീർത്തത്.