എട്ട് ഇല്ലെങ്കിലും ദയനീയം തന്നെ ബാഴ്സലോണ!! ബയേണു മുന്നിൽ വീണ്ടും വലിയ പരാജയം

Newsroom

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് നിരാശയോടെ തുടക്കം. ആദ്യ മത്സരത്തിൽ ബയേണെ നേരിട്ട ബാഴ്സലോണ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. മുമ്പ് വഴങ്ങിയതു പോലെ എട്ടു ഗോളുകൾ വഴങ്ങിയില്ല എങ്കിലും ഇന്നത്തെ ബാഴ്സലോണ പ്രകടനം ദയനീയമായിരുന്നു. ബയേണോട് ഒന്ന് പൊരുതാ‌ൻ പോലും ബാഴ്സലോണ ഇന്ന് ശ്രമിച്ചില്ല.

ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത് എങ്കിലും തുടക്കം മുതൽ ബയേണിന്റെ ഹോം ഗ്രൗണ്ട് എന്ന പോലെയാണ് മത്സരം നടന്നത്. ഗോൾ വീഴാൻ സമയം എടുത്തു എങ്കിലും തുടക്കം മുതൽ ബയേൺ ആണ് കളി നിയന്ത്രിച്ചത്. സാനെയുടെ ഒരു ഷോട്ടായിരുന്നു ബയേണിന്റെ ആദ്യ ഗോൾ ശ്രമം. അത് ഒരൊറ്റ കൈ കൊണ്ട് ഒരു ലോകോത്തര സേവിലൂടെ ടെർ സ്റ്റേഗൻ തടഞ്ഞു. ഇതിനു ശേഷവും ബയേൺ അറ്റാക്ക് തുടർന്നു എങ്കിലും ഫൈനൽ പാസ് പിറന്നില്ല.

കളിയുടെ 33ആം മിനുട്ടിൽ തോമസ് മുള്ളറിന്റെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടാണ് ബയേണ് ലീഡ് നൽകിയത്. ഒരു വലിയ ഡിഫ്ലക്ഷന്റെ സഹായം മുള്ളറിന് ഈ ഗോളിൽ ലഭിച്ചു. മുള്ളറിന്റെ ചാമ്പ്യൻസ് ലീഗ് കരിയറിലെ 49ആം ഗോളായിരുന്നു ഇത്. ഈ ഗോളിന് മറുപടി നൽകാൻ മാത്രമുള്ള അവസരങ്ങൾ ബാഴ്സലോണ സൃഷ്ടിച്ചില്ല.

രണ്ടാം പകുതിയിൽ സാനെയുടെ ഒരു ഷോട്ട് കൂടെ ടെർ സ്റ്റേഗൻ രക്ഷിച്ചു. എന്നാൽ അധിക സമയം ബാഴ്സലോണ ഡിഫൻസിന് പിടിച്ചു നിൽക്കാൻ ആയില്ല. 57ആം മിനുട്ടിൽ മുസിയാലയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി, ബാഴ്സലോണ ഡിഫൻസിനു മുന്നെ ആ പന്ത് വലയിലെക്ക് മടക്കി ലെവൻഡോസ്കി ബാഴ്സലോണ ലീഡ് ഇരട്ടിയാക്കി. ബാഴ്സലോണയുടെ അവസാന ആറു മത്സരങ്ങൾക്ക് ഇടയിലെ ഒമ്പതാം ഗോളായിരുന്നു ഇത്.

85ആം മിനുട്ടിൽ ലെവൻഡോസ്കി തന്നെ ബയേണിന്റെ മൂന്നാം ഗോളും നേടി. ഇത്തവണ ഗനാബ്രിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ആ പന്ത് എടുത്ത് ബാഴ്സലോണ ഡിഫൻസിനെ കബളിപ്പിച്ച് ലെവൻഡോസ്കി പന്ത് വലയിൽ എത്തിക്കുക ആയിരുന്നു.

കളിയിൽ നിരവധി അവസരങ്ങൾ ബയേൺ സൃഷ്ടിച്ചു എങ്കിലും അവർ അവസരങ്ങൾ മുതലെടുത്തില്ല. ബാഴ്സലോണ ആകട്ടെ കളിയിൽ ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും ഇല്ലാതെയാണ് കളി അവസാനിപ്പിച്ചത്. നാലു ടീനേജ് താരങ്ങളുമായാണ് ബാഴ്സലോണ കളി അവസാനിപ്പിച്ചത്. ഈ യുവതാരങ്ങളുടെ പ്രകടനം മാത്രമാണ് ബാഴ്സലോണക്ക് ആശ്വാസം നൽകുന്നതും.