വേഗതയാണ് എന്നും ഫുട്ബോൾ ടീമുകളുടെ കരുത്ത്. മോഡേൺ ഫുട്ബോളിൽ പ്രത്യേകിച്ച്. പ്രെസിംഗ് ഫുട്ബോളിന് ഒരുപാട് സ്വീകാര്യത ലഭിക്കുന്ന കാലത്ത് വേഗതയില്ലാ എങ്കിൽ ടീമുകൾക്ക് പിടിച്ചു നിൽക്കാൻ ആവില്ല. വേഗത വേണമെങ്കിൽ ടീമിൽ യുവതാരങ്ങൾ വേണം. ഇത് തന്നെയാണ് ഇപ്പോൾ ബാഴ്സലോണ നേരിടുന്ന പ്രധാന പ്രശ്നവും. ഒരുകാലത്ത് ഒരുപാട് വേഗതയേറിയ താരങ്ങളും മികച്ച പ്രസിങ് ടാക്ടിക്സിലൂടെ എതിരാളികളിൽ നിന്ന് നിമിഷ നേരം കൊണ്ട് പന്ത് തിരികെ വാങ്ങുന്ന ടീമും ആയിരുന്നു ബാഴ്സലോണ.
എന്നാൽ ഇന്നത്തെ ബാഴ്സലോണ ഒരു വയസ്സൻ പടയായി മാറുകയാണ്. ഔട്ട് ഫീൽഡ് കളിക്കാരുടെ പ്രായം വലിയ രീതിയിൽ തന്നെ ബാഴ്സലോണയെ അലട്ടുന്നുണ്ട്. ബാഴ്സലോണയുടെ പ്രധാന താരങ്ങൾ എല്ലാം മുപ്പത് കഴിഞ്ഞിരിക്കുകയാണ്. ഇവർക്കാർക്കും പഴയ വേഗതയും ഇല്ല. മെസ്സി 33, സുവാരസ് 33, പികെ 33, ആൽബ 31, ബുസ്കെറ്റ്സ് 32, റാകിറ്റിച് 32, വിദാൽ 33, ഗ്രീസ്മൻ 30, പ്യാനിച് 30 എന്നിങ്ങനെയാകും ബാഴ്സലോണ താരങ്ങൾക്ക് അടുത്ത സീസണിൽ പ്രായം.
യുവതാരമായ ആർതുറിനെ നൽകി കരിയറിന്റെ അവസാനത്തിലേക്ക് കടക്കുന്ന പ്യാനിചിനെ ക്ലബ് വാങ്ങിയത് ഒക്കെ വിമർശിക്കപ്പെടുന്നത് ഈ ഘടകം പരിഗണിച്ചാണ്. അൻസു ഫതിയും, റിക്വി പുജും ഡിയോങ്ങും ഒക്കെ ടീമിലുണ്ട് എങ്കിലും ഇവരാരും ബാഴ്സലോണയെ നയിക്കാൻ മാത്രം വളർന്നിട്ടില്ല. ശരിയായ രീതിയിൽ മെസ്സിക്കും സാവിക്കും ഒക്കെ പിറകിൽ ഒരു യുവതലമുറയെ വളർത്തി കൊണ്ട് വരാത്തതിന് ബാഴ്സലോണ സമീപ ഭാവിയിൽ വലിയ വില നൽകേണ്ടി വന്നേക്കും.
കഴിഞ്ഞ സീസണിൽ ലിവർപൂളിനെതിരെയുള്ള ബാഴ്സലോണയുടെ പ്രകടനമൊക്കെ സ്ക്വാഡിന്റെ വേഗതയില്ലായ്മ എടുത്തു കാണിക്കുന്നതായിരുന്നു. മെസ്സി യുഗം അവസാനിക്കും മുമ്പ് ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തിയില്ല എങ്കിൽ എ സി മിലാനും മാഞ്ചസ്റ്റർ യുണൈറ്റഡും ഒക്കെ കടന്നു പോകുന്ന പോലെ വിഷമഘട്ടങ്ങൾ നേരിടാൻ ബാഴ്സലോണ ആരാധകർ ഒരുങ്ങി നിക്ക്കേണ്ടി വരും.