അന്റോണിയോ ഗ്രീസ്മാൻ വിഷയത്തിൽ അത്ലറ്റികോ മാഡ്രിഡിനു എതിരെ കോടതിയെ സമീപിക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നത് ആയി റിപ്പോർട്ടുകൾ. താരത്തിന് ആയി ലഭിക്കേണ്ട 40 മില്യൺ യൂറോ ലഭിക്കാൻ ആയാണ് ബാഴ്‌സലോണ കോടതിയെ സമീപിക്കുക. ലോണിൽ വിട്ട താരം നിലവിൽ ലഭ്യമായ മത്സരത്തിന്റെ 50 ശതമാനത്തിൽ അധികം സമയം കളിച്ചാൽ മാത്രമെ നൽകേണ്ട പണം നൽകേണ്ടത് ഉള്ളു എന്നാണ് ക്ലബുകൾ തമ്മിലുള്ള കരാർ.
ഇതിനാൽ തന്നെ ഗ്രീസ്മാനെ ഈ സീസണിൽ 60 മിനിറ്റുകൾക്ക് ശേഷം ആണ് അത്ലറ്റികോ മാഡ്രിഡ് കളിക്കാൻ ഇറക്കുന്നത്. രണ്ടാം സീസണിൽ ഉള്ള ഈ വ്യവസ്ഥ എന്നാൽ തങ്ങൾക്ക് ഉള്ള പണം നൽകാൻ ബാധകം അല്ല എന്നാണ് ബാഴ്‌സലോണ വാദം. കരാർ പ്രകാരം ആദ്യ വർഷം 50 ശതമാനത്തിൽ അധികം മത്സരം താരം കളിച്ചാൽ പണം നൽകാൻ അത്ലറ്റികോ മാഡ്രിഡ് ബാധ്യസ്ഥർ ആണ് എന്നാണ് ബാഴ്‌സലോണ വാദം. അങ്ങനെയെങ്കിൽ മാത്രം ആണ് രണ്ടാം വർഷത്തെ വ്യവസ്ഥ നിലവിൽ വരിക.
കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിന്റെ 80 ശതമാനം മത്സരങ്ങളും കളിച്ച ഗ്രീസ്മാൻ അതിനാൽ തന്നെ അത്ലറ്റികോ മാഡ്രിഡ് താരം ആയെന്നും ക്ലബ് തങ്ങൾക്ക് കരാർ പ്രകാരമുള്ള 40 മില്യൺ യൂറോ നൽകണം എന്നുമാണ് ബാഴ്‌സലോണ വാദം. എന്നാൽ കേസ് കോടതിയിൽ എത്താൻ ഇരു ക്ലബുകൾക്കും താൽപ്പര്യം ഇല്ല എന്നാണ് സൂചന, ഇരു ക്ലബുകൾക്കും ഗ്രീസ്മാന്റെ കരാർ പരസ്യമാക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ ഒത്തു തീർപ്പിന് ഇരു ക്ലബുകളും തയ്യാറായേക്കും.