വനിത ഫുട്‌ബോളിൽ ചരിത്രമായി ക്യാമ്പ് ന്യൂ സ്റ്റേഡിയത്തിൽ നടന്ന ബാഴ്‌സലോണ, റയൽ മാഡ്രിഡ് രണ്ടാം പാദ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരം. 91,000 ആളുകൾ ആണ് ഈ മത്സരം കാണാൻ ബാഴ്‌സലോണയുടെ മൈതാനത്ത് എത്തിയത്. ഒരു വനിത ഫുട്‌ബോൾ മത്സരം കാണാൻ ഇത്ര അധികം ആരാധകർ സ്റ്റേഡിയത്തിൽ എത്തുന്നത് ഇത് ആദ്യമായാണ്. ആദ്യ പാദത്തിൽ 3-1 ന്റെ ജയം നേടിയ ബാഴ്‌സലോണ വനിതകൾ ഇത്തവണ 5-2 നു ആണ് റയലിനെ തകർത്തത്. മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ ബാഴ്‌സ മത്സരത്തിൽ മുന്നിലെത്തി. ജെന്നി ഹെർമാസയുടെ പാസിൽ നിന്നു മാപി ലിയോണിന്റെ ഗോൾ. എന്നാൽ റയൽ മത്സരത്തിൽ തിരിച്ചടിക്കുന്നത് ആണ് പിന്നീട് കണ്ടത്. 18 മത്തെ മിനിറ്റിൽ ഓൽഗയുടെ പെനാൽട്ടി ഗോളിൽ ഒപ്പമെത്തിയ റയൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്ലൗഡിയോ സോർനോസയുടെ സുന്ദര ചിപ്പ് ഗോളിലൂടെ മത്സരത്തിൽ മുന്നിലെത്തി. എന്നാൽ പിന്നീട് കണ്ടത് ബാഴ്‌സയുടെ സമഗ്ര ആധിപത്യം ആയിരുന്നു. 52 മത്തെ മിനിറ്റിൽ ജെന്നി ഹെർമാസയുടെ പാസിൽ നിന്നു അയിറ്റാന ബോൺമാറ്റി സമനില കണ്ടത്തിയപ്പോൾ 3 മിനിറ്റിനുള്ളിൽ ക്ലൗഡിയോ പിന റോൾഫോയുടെ പാസിൽ നിന്നു ബാഴ്‌സയെ മത്സരത്തിൽ വീണ്ടും മുന്നിൽ എത്തിച്ചു.
62 മത്തെ മിനിറ്റിൽ ക്യാപ്റ്റൻ അലക്സിയ പുറ്റല്ലസ് കരോലിന ഹാൻസന്റെ പാസിൽ നിന്നു ബാഴ്‌സയുടെ നാലാം ഗോൾ നേടിയതോടെ റയൽ നാണക്കേട് ഉറപ്പിച്ചു. തുടർന്ന് 70 മത്തെ മിനിറ്റിൽ കരോലിന ഹാൻസൻ ആണ് ബാഴ്‌സയുടെ ആധികാരിക ജയം ഉറപ്പിച്ചത്. അതേസമയം ആദ്യ പാദത്തിൽ 2-1 ന്റെ ജയവും ആയി എത്തിയ പാരീസ് സെന്റ് ജർമ്മൻ ബയേണിനോട് രണ്ടാം പാദത്തിൽ 2-2 ന്റെ സമനില വഴങ്ങി സെമിയിലേക്ക് മുന്നേറി. 17 മത്തെ മിനിറ്റിൽ മേരി കൊറ്റോറ്റയുടെ പാസിൽ നിന്നു സാന്റി ബാൾട്ടിമോറിലൂടെ പാരീസ് ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ 2 മിനിറ്റിനുള്ളിൽ സാകി കുമഗായിലൂടെ ബയേൺ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ക്ലാര ബുഹ്ലിന്റെ പാസിൽ നിന്നു ലീ സ്കളർ ഗോൾ നേടിയതോടെ ബയേൺ പാരീസിന് ഒപ്പമെത്തി. തുടർന്ന് മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടു.
112 മത്തെ മിനിറ്റിൽ നാടകീയമായി എക്സ്ട്രാ സമയത്ത് പകരക്കാരിയായി എത്തിയ രമോണ ബക്മാൻ ആഷ്‌ലി ലോറൻസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തി പാരീസിന് സെമിഫൈനലിൽ ഇടം നേടി നൽകുക ആയിരുന്നു. പാരീസ് മൈതാനത്ത് തുടർച്ചയായ രണ്ടാം മത്സരത്തിലും റെക്കോർഡ് കാണികൾ ആണ് കളി കാണാൻ ഉണ്ടായിരുന്നത്.