ബാഴ്സലോണ എന്ന ക്ലബിന്റെ എവേ ഗ്രൗണ്ടുകളിലെ ഫോം അവർക്ക് ഒട്ടും ആശ്വാസം നൽകുന്നതല്ല. ലോകത്തെ ഏതു ഗ്രൗണ്ടും സ്വന്തം ഹോം ഗ്രൗണ്ടാക്കി മാറ്റാൻ കഴിവുണ്ടായിരുന്ന ബാഴ്സലോണ എന്നാൽ ഇപ്പോൾ ആകെ വിയർക്കുകയാണ്. ഇന്നലെ ജർമ്മനിയിൽ ഡോർട്മുണ്ടിനെ നേരിട്ടപ്പോഴും അതാണ് കണ്ടത്. ടെർസ്റ്റേഗന്റെ ഒറ്റ മികവിലാണ് ഇന്നലെ പരാജയം വഴങ്ങാതെ ബാഴ്സലോണ രക്ഷപ്പെട്ടത്.
ഇന്നലെ കൂടെ വിജയമില്ലാതെ ആയതോടെ എവേ ഗ്രൗണ്ടുകളിൽ വിജയമില്ലാതെ ഏഴു മത്സരങ്ങൾ ബാഴ്സലോണ കടന്നു പോയി. അവസാന ഏഴു എവേ മത്സരങ്ങളിൽ നാലു പരാജയവും മൂന്ന് സമനിലകളുമാണ് ബാഴ്സലോണയുടെ സമ്പാദ്യം. ലിവർപൂൾ, സെൽറ്റ വീഗോ, വലൻസിയ, അത്ലറ്റിക് ബിൽബാവോ എന്നിവരോടാണ് നൂകാമ്പിന് പുറത്ത് നിന്ന് ഏറ്റുമുട്ടി ബാഴ്സലോണ പരാജയപ്പെട്ടത്.
അവസാന ഏഴു എവേ മത്സരങ്ങളിൽ ആകെ നേടിയത് അഞ്ചു ഗോളുകൾ, വഴങ്ങിയത് 13 ഗോളുകളും. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പോലും ബാഴ്സലോണ വളരെ പിറകിലാണ്. 9 വലിയ ഗോളവസരങ്ങൾ മാത്രമാണ് ഈ മത്സരങ്ങളിൽ നിന്ന് ബാഴ്സലോണ സൃഷ്ടിച്ചത്. വാല്വെർഡെയ്ക്ക് വലിയ തലവേദനയായി തന്നെ മാറിയിരിക്കുകയാണ് ഈ എവേ ഫോം.