ലാലിഗയിൽ ബാഴ്സലോണക്ക് കിരീട പോരാട്ടത്തിൽ പ്രശ്നങ്ങൾ കൂടുന്നു. ഒരിക്കൽ കൂടെ ബാഴ്സലോണ പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുയാണ്. ലാലിഗയിൽ ഇന്ന് നടന്ന വലിയ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ആണ് ബാഴ്സലോണയെ സമനിലയിൽ തളച്ചത്. രണ്ട് തവണ ലീഡ് എടുത്തിട്ടും വിജയം നേടാൻ ബാഴ്സക്കായില്ല. ഒരുപാട് വിവാദങ്ങളും നിറഞ്ഞ മത്സരമായിരുന്നു ഇത്.
മൂന്ന് പെനാൾട്ടികളാണ് ഇന്ന് ക്യാമ്പ്നൂവിൽ പിറന്നത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ബാഴ്സലോണ ലീഡ് എടുത്തു. ഡിയേഗോ കോസ്റ്റയുടെ സെൽഫ് ഗോളിലൂടെ ആയിരുന്നു ബാഴ്സലോണ മുന്നിൽ എത്തിയത്. എന്നാൽ ഇരുപതാം മിനുട്ടിലെ പെനാൾട്ടി അത്ലറ്റിക്കോയെ സമനിലയിൽ എത്തിച്ചു. പെനാൾട്ടി വിധിച്ചത് തന്നെ വിവാദമായിരുന്നു. അതിലും വിവാദമായത് പെനാൾട്ടി ടെർസ്റ്റേഗൻ സേവ് ചെയ്തത് ഫൗൾ വിധിച്ചതാണ്. കോസ്റ്റ എടുത്ത പെനാൾട്ടി ടെർസ്റ്റേഗൻ തടഞ്ഞത് ഗോൾ വരയിൽ നിന്ന് മുന്നോട്ട് വന്നാണ് എന്ന് വിധി വന്നു. പെനാൾട്ടി വീണ്ടും എടുത്ത സൗൾ പന്ത് ലക്ഷ്യത്തിൽ എത്തിച്ച് സമനില നൽകി.
രണ്ടാം പകുതിയിൽ ബാഴ്സലോണക്കും പെനാൾട്ടി കിട്ടി. അത് അനായാസം മെസ്സി വലയിൽ എത്തിച്ചു. മെസ്സിയുടെ 700ആം കരിയർ ഗോളായിരുന്നു ഇത്. മെസ്സുയുടെ ഗോൾ ബാഴ്സക്ക് ലീഡ് തിരികെ നൽകിയെങ്കിലും പിന്നാലെ കളിയിലെ അടുത്ത പെനാൾട്ടി വന്നു. ഇത്തവണ അത്ലറ്റിക്കോയ്ക്ക് ആണ് പെനാൾട്ടി ലഭിച്ചത്. ഇതും പെനാൾട്ടിയല്ല എന്ന വാദം ബാഴ്സലോണ ഉയർത്തി എങ്കിലും കാര്യമുണ്ടായില്ല. വീണ്ടും സൗൾ തന്നെ പന്ത് വലയിൽ എത്തിച്ച് അത്ലറ്റിക്കോയ്ക്ക് സമനില നൽകി.
ഈ സമനില ഏറ്റവും ഗുണം ചെയ്യുക റയൽ മാഡ്രിഡിനാകും. ബാഴ്സലോണ പോയന്റ് നഷ്ടപ്പെടുത്തിയതോടെ അടുത്ത മത്സരം വിജയിച്ചാൽ റയലിന് നാല് പോയന്റിന്റെ ലീഡ് കിട്ടും. ഇപ്പോൾ ബാഴ്സക്ക് 70 പോയന്റും റയലിന് 71 പോയന്റുമാണ് ഉള്ളത്. റയൽ ഒരു മത്സരം കുറവാണ് കളിച്ചത്.