സാഫ് കപ്പിൽ ഇന്ത്യക്ക് ദയനീയ തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ സമനിലയുമായി കളി അവസാനിപ്പിക്കേണ്ടി വന്നു. നാൽപ്പതു മിനുട്ടോളം പത്തു പേരുമായി കളിച്ച ബംഗ്ലാദേശിനെ തോൽപ്പിക്കാൻ ആവാത്തത് വലിയ നിരാശ തന്നെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് നൽകും.
ഇന്ന് മാൽഡീവ്സിൽ ഇന്ത്യ മെച്ചപ്പെട്ട രീതിയിൽ ആയിരുന്നു കളി ആരംഭിച്ചത്. തുടക്കം മുതൽ നല്ല അവസരങ്ങൾ ഇന്ത്യ സൃഷ്ടിച്ചു. 26ആം മിനുട്ടിൽ ഒരു നല്ല നീക്കത്തിലൂടെ ഇന്ത്യ മുന്നിലും എത്തി. ക്യാപ്റ്റൻ സുനിൽ ചേത്രി തന്നെയാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. ഉദാന്തയുടെ പാസിൽ നിന്നായിരുന്നു ക്യാപ്റ്റന്റെ ഫിനിഷ്. ഛേത്രിയുടെ 76ആം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷവും ലീഡ് ഇരട്ടിയാക്കാൻ ഇന്ത്യക്ക് നിരവധി അവസരം ലഭിച്ചു. പക്ഷെ ബംഗ്ലാദേശ് കീപ്പർ സികോ ഇന്ത്യക്ക് തടസ്സമായി നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ 54ആം മിനുട്ടിൽ ബംഗ്ലാദേശ് ഡിഫൻഡർ ബിശ്വാനന്ത് ഘോഷ് ചുവപ്പ് കണ്ട് പുറത്തായതോടെ അവർ 10 പേരായി ചുരുങ്ങി. ആ മുൻതൂക്കവും ഇന്ത്യക്ക് മുതലെടുക്കാൻ ആയില്ല. 74ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് യുവതാരം യസീൻ അറാഫത് ബംഗ്ലാദേശിന് സമനില നൽകി കൊടുത്തു. ഇന്ത്യയെ ഇത് വലിയ സമ്മർദ്ദത്തിലാണ് ആക്കിയത്. സമയവും ഒരാളുടെ മുൻ തൂക്കവും ഉണ്ടായിരുന്നു എങ്കിലും ഇന്ത്യക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല.
ഇനി ഏഴാം തീയതി ശ്രീലങ്കയെ ആണ് ഇന്ത്യ അടുത്ത മത്സരത്തിൽ നേരിടുക. ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമെ ഇന്ത്യക്ക് ഫൈനലിലേക്ക് എത്താൻ ആവുകയുള്ളൂ.