ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ ബൗളിംഗ് നിര150 റൺസിന് ഓൾ ഔട്ട് ആക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ മൂന്ന് ഫാസ്റ്റ് ബൗളർമാരെ ഇറക്കി മത്സരം തുടങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ പുറത്തെടുത്തത്. ബംഗ്ളദേശ് നിരയിലെ 8 വിക്കറ്റുകളും വീഴ്ത്തിയത് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായിരുന്നു.
ബംഗ്ലാദേശ് നിരയിൽ 43 റൺസ് എടുത്ത മുഷ്‌ഫിഖുർ റഹീമും 37 റൺസ് എടുത്ത ക്യാപ്റ്റൻ മോമിനുൾ ഹഖും മാത്രമാണ് ഇന്ത്യൻ ബൗളിംഗ് നിരക്കെതിരെ കുറച്ചെങ്കിലും പിടിച്ചു നിന്നത്. രണ്ടക്കം കടക്കുന്നതിന് മുൻപ് തന്നെ ഇന്ത്യൻ ബൗളർമാർ ബംഗ്ളദേശ് ഓപ്പണർമാരെ പുറത്താക്കുകയായിരുന്നു. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം കൈകലാക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.