ആവേശക്കൊടുമുടിയിൽ അവേശ് ഖാന്‍, 10 കോടി രൂപയ്ക്ക് ലക്നൗ സൂപ്പര്‍ ജയന്റ്സിലേക്ക്

മുന്‍ ഡല്‍ഹി ക്യാപിറ്റൽസ് താരം അവേശ് ഖാനെ സ്വന്തമാക്കി ലക്നൗ സൂപ്പര്‍ ജയന്റ്സ്. 10 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിക്കുവാന്‍ ലക്നൗവിന് സാധിച്ചത്. ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന ബൗളറായിരുന്നു യുവ താരം.

ചെന്നൈ ആണ് ആദ്യമായി താരത്തിന് വേണ്ടി രംഗത്തെത്തിയത്. പിന്നാലെ തന്നെ ലക്നൗവും ലേലത്തിനിറങ്ങി. അധികം വൈകാതെ ചെന്നൈ പിന്മാറിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് താരത്തിനായി രംഗത്തെത്തി. മുംബൈ പിന്മാറിയപ്പോള്‍ ഡല്‍ഹി രംഗത്തെത്തി ലക്നൗവുമായി ലേല യുദ്ധത്തിനിറങ്ങി.

അവസാന നിമിഷം സൺറൈസേഴ്സും രംഗത്തെത്തിയപ്പോള്‍ താരത്തിന്റെ വില പത്ത് കോടിയിലേക്ക് എത്തി. 20 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില.

ബൗളര്‍മാരിൽ ഇഷാന്‍ പോറൽ, അങ്കിത് സിംഗ് രാജ്പുത്,  തുഷാര്‍ ദേശ്പാണ്ടേ എന്നിവര്‍ക്കും പുതിയ ടീമുകളായി. 25 ലക്ഷം രൂപയ്ക്ക് ഇഷാന്‍ പോറലിനെ പഞ്ചാബ് കിംഗ്സ് നേടിയപ്പോള്‍ 20 ലക്ഷത്തിന് തുഷാര്‍ ദേശ്പാണ്ടേയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി. അങ്കിത് സിംഗ് രാജ്പുതിനെ 50 ലക്ഷത്തിന് ലക്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി.