എംഎസ് ധോണിയുടെ വിക്കറ്റ് തന്റെ സ്വപ്നമായിരുന്നുവെന്നും അത് സാക്ഷാത്കരിച്ചുവെന്നും പറഞ്ഞ് ഡല്‍ഹി പേസര്‍ അവേശ് ഖാന്. പവര്‍പ്ലേയില്‍ ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റ് നേടിയ താരം പിന്നീട് ചെന്നൈ നായകന്റെ വിക്കറ്റും സ്വന്തമാക്കുകയായിരുന്നു. തന്റെ നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് താരം ഈ രണ്ട് വിക്കറ്റുകള്‍ നേടിയത്.
ധോണി രണ്ട് പന്ത് മാത്രം നേരിട്ടപ്പോളേക്കും പുറത്താകുകയായിരുന്നു. മുംബൈയില്‍ നടന്ന മത്സരത്തില്‍ ഉമേഷ് യാദവിനെ പരിഗണിക്കാതെയാണ് താരത്തിന് അവസരം നല്‍കിയത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റാണ് മധ്യ പ്രദേശിന് വേണ്ടി കളിക്കുന്ന താരം നേടിയത്.
2018ല്‍ ധോണിയുടെ വിക്കറ്റ് നേടുവാനുള്ള അവസരം താരത്തിന് ലഭിച്ചുവെങ്കിലും അന്ന് കോളിന് മണ്‍റോ ധോണിയുടെ ക്യാച്ച് കൈവിട്ടതോടെ അവേശ് ഖാന്റെ സ്വപ്നസാക്ഷാത്കാരം സാധ്യമാകാതെ പോകുകയായിരുന്നു.