ഇക്കൊല്ലത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റ് വീണ്ടും ഓർമ്മ വരുന്നു. കോവിഡ് വാക്സിൻ എടുക്കില്ല എന്നു പ്രഖ്യാപിച്ച നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ എന്തെല്ലാം കോലാഹലങ്ങളായിരിന്നു. ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ കളിപ്പിക്കില്ലെന്ന് പറയുന്നു, പിന്നെ കളിപ്പിക്കാം എന്നു പറയുന്നു, കോടതി ഇടപെടുന്നു, മന്ത്രി ഇടപെടുന്നു, അവസാനം നോവാക്കിനെ ഓസ്‌ട്രേലിയയിൽ നിന്ന് തിരിച്ചയക്കുന്നു. ഇതെല്ലാം ഓസ്‌ട്രേലിയൻ സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത ആരോഗ്യ സുരക്ഷാ പോളിസിയുടെ ഭാഗമായി പ്രകീർത്തിക്കപ്പെടുന്നു.
ഇനി ഇംഗ്ളണ്ടിലെ കോമൺവെൽത്ത് ഗെയിയിംസ് വേദിയിലേക്ക് പോകാം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വനിതകളുടെ ക്രിക്കറ്റ് ഫൈനൽസ് ഗ്രൗണ്ടിൽ നടക്കാൻ പോകുന്നു, ടോസ് ഇടാൻ നിമിഷങ്ങൾ മാത്രം. അപ്പോഴാണ് ഓസ്‌ട്രേലിയൻ ക്യാമ്പിൽ നിന്നും ഒരു ഇടിത്തീ വാർത്ത വരുന്നത്. അവരുടെ ഓൾ റൗണ്ടർ കളിക്കാരി തഹ്‌ലിയ മക്ഗ്രാ കോവിഡ് പൊസിറ്റീവാണ്!
സാധാരണ ഗതിയിൽ ഇത്തരം ഒരു സംഭവം അറിഞ്ഞാൽ ഉടൻ ആ കളിക്കാരിയെ ക്വാറന്റിൻ ചെയ്ത്, അവരുമായി അടുത്ത് ഇടപഴകിയ ആളുകളെ ടെസ്റ്റ് ചെയ്ത് അടുത്ത നടപടി എന്തു വേണം എന്ന് ചർച്ച ചെയ്യണം. പക്ഷെ ഇന്നലെ നടന്നത് ആരോഗ്യ സ്പോർട്സ് മേഖലയിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങളാണ്. കോമൺവെൽത്ത് അധികൃതർ ഐസിസിയുമായി ചർച്ച ചെയ്ത് തഹ്‌ലിയയെ കളിക്കാൻ അനുവദിക്കുകയാണ് ചെയ്തത്.
വാക്സിൻ എടുക്കാത്തതിനു ഒരു കളിക്കാരനെ പുറത്താക്കിയ രാജ്യമാണ് ഓസ്‌ട്രേലിയ എന്നോർക്കണം. ഈ ഫൈനൽ കളിയിൽ കോവിഡ് ബാധിച്ച അവരുടെ മുൻനിര കളിക്കാരിയെ കളിപ്പിക്കാൻ അവർക്ക് ഒരു ധാർമ്മികതയും തടസ്സമായില്ല.
ഇതിൽ ബിസിസിഐയുടെ പങ്കും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. തങ്ങളുടെ കളിക്കാരികളുടെ സുരക്ഷയെ കുറിച്ചു അവർക്ക് യാതൊരു വേവലാതിയുമില്ലേ? കോവിഡ് ബാധിച്ച ഒരു കളിക്കാരിയെ കളിപ്പിക്കാൻ എന്ത് കൊണ്ട് അവർ ഓസ്‌ട്രേലിയക്ക് അനുവാദം കൊടുത്തു? എതിർ ടീം ബംഗ്ലാദേശോ ശ്രീലങ്കയോ ആയിരുന്നെങ്കിൽ ബിസിസിഐ ഇതിന് സമ്മതിക്കുമായിരുന്നോ? എന്തിന് കൂടുതൽ പറയുന്നു, ഇത് മെൻസ് ടൂർണമെന്റ് ആയിരുന്നെങ്കിൽ ഇന്ത്യൻ കളിക്കാർ ഇതിന് കൂട്ട്നിൽക്കുമായിരുന്നോ?
കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ, പണത്തിന് മേൽ ഒരു പ(രു)ന്തും പറക്കില്ല എന്ന പഴഞ്ചൊല്ല് ചൊല്ലി നമുക്കും ഇതിന് നേരെ കണ്ണടക്കാം. പക്ഷെ പറയാതെ വയ്യ, ഷെയിം ഓസ്ട്രേലിയ ഷെയിം.
Story Highlight: Australia’s Tahlia McGrath plays in the womens cricket final despite testing positive for the same virus