ഓഗസ്റ്റ് 10-ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. പാറ്റ് കമ്മിൻസിനും മിച്ചൽ സ്റ്റാർക്കിനും വിശ്രമം അനുവദിച്ചതിനാൽ രണ്ട് ഫോർമാറ്റുകളിലും മിച്ചൽ മാർഷ് ടീമിനെ നയിക്കും. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവ ഓൾറൗണ്ടർ മിച്ചൽ ഓവന് ആദ്യമായി ഏകദിന ടീമിലേക്ക് വിളി ലഭിച്ചു.

ട്രാവിസ് ഹെഡ്, ജോഷ് ഹേസൽവുഡ്, മാറ്റ് ഷോർട്ട് എന്നിവർ ടീമിൽ തിരിച്ചെത്തി. ലാൻസ് മോറിസിനെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
എന്നാൽ, വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ഉണ്ടായിരുന്ന ജേക്ക് ഫ്രേസർ-മക്ഗർക്ക്, കൂപ്പർ കോനോലി, ആരോൺ ഹാർഡി, സീൻ ആബട്ട്, മാർക്കസ് സ്റ്റോയിനിസ്, സ്പെൻസർ ജോൺസൺ, തൻവീർ സംഗ എന്നിവർക്ക് ടീമിൽ ഇടം നേടാനായില്ല.