ഇരട്ട ശതകം നേടി സ്മിത്ത്, അഞ്ഞൂറിന് മൂന്ന് റണ്‍സ് അകലെ ഓസ്ട്രേലിയയുടെ ‍ ഡിക്ലറേഷന്‍

Sports Correspondent

വിലക്ക് നേരിട്ട കാലത്ത് തനിക്ക് നേടാനാകാതെ പോയ റണ്ണുകളെല്ലാം നേടിയെടുക്കുകയെന്ന വാശിയിലാണെന്ന് തോന്നുന്നും ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തിന്റെ മടങ്ങി വരവിലെ ബാറ്റിംഗ് കണ്ടാല്‍. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലും ശതകം നേടിയ താരം രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 92 റണ്‍സ് നേടി പുറത്താകുകയും മത്സരത്തില്‍ കണ്‍കഷന്‍ കാരണം താരത്തെ റിട്ടയര്‍ ചെയ്തതിനാല്‍ രണ്ടാം ഇന്നിംഗ്സിലും മൂന്നാം ടെസ്റ്റിലും കളിക്കാന്‍ സ്മിത്തിന് സാധിച്ചിരുന്നില്ല. മാഞ്ചസ്റ്ററില്‍ താരം വീണ്ടും ക്രീസിലെത്തിയപ്പോള്‍ ഈ ചെറിയ ഇടവേള ആഘോഷിച്ചത് ഇരട്ട ശതകവുമായാണ്. ഇംഗ്ലണ്ടിനെതിരെ സ്മിത്തിന്റെ മൂന്നാമത്തെ ഇരട്ട ശതകമാണ് ഇത്.

211 റണ്‍സ് നേടിയ സ്മിത്തിനെ പുറത്താക്കിയത് പാര്‍ട് ടൈം ബൗളറായി എത്തിയ ജോ റൂട്ടായിരുന്നു. സ്മിത്ത് പുറത്തായി ഏതാനും ഓവറുകള്‍ക്ക് ശേഷം ഓസ്ട്രേലിയ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 497/8 എന്ന സ്കോറിലാണ് ഓസ്ട്രേലിയയുടെ ഡിക്ലറേഷന്‍.

ഇംഗ്ലണ്ട്  ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് 54 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഡിക്ലറേഷന്‍ സമയത്ത് 26 റണ്‍സ് നേടി നഥാന്‍ ലയണ്‍ കൂട്ടിനുണ്ടായിരുന്നു.