2026-ലെ ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പിനുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. നായകൻ മിച്ചൽ മാർഷും വെടിക്കെട്ട് ബാറ്റ്സ്മാനായ ട്രാവിസ് ഹെഡും ചേർന്നുള്ള സഖ്യമായിരിക്കും ടൂർണമെന്റിൽ ഓപ്പൺ ചെയ്യുക. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഓസ്ട്രേലിയ ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
ഹെഡുമായുള്ള തൻ്റെ ശക്തമായ ബന്ധത്തെക്കുറിച്ച് സംസാരിച്ച മാർഷിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: “ഞാനും ഹെഡ്ഡും ഓപ്പണർമാരായിരിക്കും. ഞങ്ങൾ ഒരുമിച്ച് ഒരുപാട് കളിച്ചിട്ടുണ്ട്, ഞങ്ങൾക്ക് മികച്ച ബന്ധമാണുള്ളത്, അതിനാൽ അവിടെ നിന്ന് തുടങ്ങാം.”
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ 5-0 ത്തിൻ്റെ ആധികാരിക വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയയുടെ ഈ തീരുമാനം. ആ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും മാർഷ് ഓപ്പൺ ചെയ്യുകയും മാറ്റ് ഷോർട്ട്, ഗ്ലെൻ മാക്സ്വെൽ തുടങ്ങിയ മറ്റ് ഓപ്പണർമാരെ പരീക്ഷിക്കുകയും ചെയ്തിരുന്നു. ടി20 മത്സരങ്ങളിൽ മാർഷ്-ഹെഡ് കൂട്ടുകെട്ട് മികച്ച പ്രകടനം ഇതുവരെ കാഴ്ചവെച്ചിട്ടില്ലെങ്കിലും, ഏകദിനത്തിലെ അവരുടെ പ്രകടനം പ്രതീക്ഷ നൽകുന്നതാണ്.
അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 70.50 ശരാശരിയിൽ 282 റൺസ് ഈ സഖ്യം നേടിയിട്ടുണ്ട്. കൂടാതെ, ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനൊപ്പമുള്ള മാർഷിന്റെ മികച്ച പ്രകടനവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.