നൊവാക് ജ്യോക്കോവിച്ചിനെ നാട് കടത്തിയ ഓസ്‌ട്രേലിയൻ അധികൃതരുടെ വിവാദ നടപടിക്ക് ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിനു മെൽബണിൽ തുടക്കം. ആദ്യ മത്സരത്തിൽ അനായാസ ജയം കുറിച്ചു മുൻ ജേതാവ് റാഫേൽ നദാൽ. അമേരിക്കൻ താരം മാർക്കോസ് ജിരോനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ആറാം സീഡ് ആയ നദാൽ തകർത്തത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ നദാൽ കുറിക്കുന്ന എഴുപതാം ജയം കൂടിയായി ഇത്. ഫ്രഞ്ച് ഓപ്പൺ കഴിഞ്ഞാൽ നദാൽ ഏറ്റവും കൂടുതൽ ജയം കുറിച്ച ഗ്രാന്റ് സ്‌ലാം ഓസ്‌ട്രേലിയൻ ഓപ്പൺ ആണ്. സീഡ് ചെയ്യാത്ത അമേരിക്കൻ താരത്തെ 6-1, 6-4, 6-2 എന്ന സ്കോറിന് തകർത്ത നദാൽ നീണ്ട കാലത്തെ വിട്ടുനിൽക്കലിന് ശേഷമുള്ള ഗ്രാന്റ് സ്‌ലാം തിരിച്ചു വരവിൽ വലിയ ആധിപത്യം തന്നെ പുലർത്തി. മത്സരത്തിൽ 5 തവണയാണ് നദാൽ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്.
അർജന്റീനയുടെ ബാഗ്ൻസിനോട് 5 സെറ്റ് മത്സരം ജയിച്ച 16 സീഡ് ക്രിസ്റ്റിയൻ ഗാരിനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം രണ്ടു ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ സെർബിയൻ താരം ലാസ്ലോയെ വീഴ്ത്തിയാണ് 14 സീഡ് കാനഡയുടെ ഡെന്നിസ് ഷാപോവലോവ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. നാലു സെറ്റ് പോരാട്ടത്തിൽ ആദ്യ സെറ്റിലും നാലാം സെറ്റിലും ഷാപോവലോവ് ടൈബ്രേക്കർ ജയിച്ചു. 17 സീഡ് ഗെയിൽ മോൻഫിൽസ്, 19 സീഡ് പാബ്ലോ കരെനോ ബുസ്റ്റ എന്നിവർ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി. അതേസമയം 12 സീഡ് ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ അമേരിക്കൻ താരം സെബാസ്റ്റ്യൻ കോർദ 6-3, 6-0, 6-4 എന്ന നേരിട്ടുള്ള സ്കോറിന് അട്ടിമറിച്ചു.