ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ പരസ്പരം കണ്ടുമുട്ടാൻ പോകുന്നതോടെ കരിയറിൽ ഇത് 50 മത്തെ തവണയാവും റോജർ ഫെഡററും നൊവാക് ജ്യോക്കോവിച്ചും പരസ്പരം കളത്തിൽ കണ്ടുമുട്ടുക. ലോക ടെന്നീസിലെ എക്കാലത്തെയും വലിയ ഇതിഹാസതാരം ആയി കണക്കാക്കുന്ന ഫെഡററും ആധുനിക കാലത്തെ മികച്ച താരം ആയ ജ്യോക്കോവിച്ചും തമ്മിലുള്ള ടെന്നീസ് ശത്രുത ആധുനിക കാലത്തെ ഏറ്റവും മികച്ചത് ആണ്. നദാൽ, ഫെഡറർ ശത്രുത പോലെ ജ്യോക്കോവിച്ച്സ് നദാൽ ശത്രുത പോലെ ടെന്നീസ് പ്രേമികൾക്ക് വലിയ ആവേശം പകരുന്ന ശത്രുത തന്നെയാണ് ഇതും. ഓസ്‌ട്രേലിയൻ ഓപ്പൺ 7 തവണ ജയിച്ച ജ്യോക്കോവിച്ചും 6 തവണ ജയിച്ച ഫെഡററും തമ്മിലുള്ള മത്സരം ആവേശകരമാവും എന്നുറപ്പാണ്. 2006 മോണ്ട് കാർലോ മാസ്റ്റേഴ്സിൽ ആണ് ഇരുതാരങ്ങളും ആദ്യമായി നേരിട്ട് ഏറ്റുമുട്ടിയത്. അന്ന് കളിമണ്ണ് കോർട്ടിൽ ജയം കണ്ട ഫെഡറർക്ക് ആദ്യ കാലത്ത് ജ്യോക്കോവിച്ചിനു മേൽ വലിയ ആധിപത്യം ഉണ്ടായിരുന്നു. എന്നാൽ അവസാന പത്ത് വർഷം വിജയങ്ങൾ കൂടുതൽ ജ്യോക്കോവിച്ചിനു തന്നെയാണ്.
ഇത് വരെ 49 തവണ ഏറ്റുമുട്ടിയതിൽ 26 തവണ ജ്യോക്കോവിച്ച് ജയിച്ചപ്പോൾ ഫെഡറർ 23 എണ്ണത്തിൽ ജയം കണ്ടു. ഗ്രാന്റ് സ്‌ലാമുകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഏറ്റുമുട്ടിയ താരങ്ങൾ കൂടിയായ ഇരുവരും 16 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതിൽ 10 എണ്ണത്തിൽ ജ്യോക്കോവിച്ചും 6 എണ്ണത്തിൽ ഫെഡററും ജയിച്ചു. ഗ്രാന്റ് സ്‌ലാമുകളിൽ നേരിട്ട 16 മത്സരങ്ങളിൽ 5 എണ്ണവും ഫൈനലുകളും 10 എണ്ണം സെമിഫൈനലുകളും ആയിരുന്നു. കരിയറിൽ 19 തവണ ഫൈനലുകളിൽ ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോൾ 13 തവണ ജയം ജ്യോക്കോവിച്ച് കൊണ്ട് പോയപ്പോൾ 6 എണ്ണത്തിൽ മാത്രം ആണ് ഫെഡറർക്ക് ജയിക്കാൻ ആയത്. ജ്യോക്കോവിച്ചിന്റെ ഇഷ്ട ടൂർണമെന്റ് ആയ ഓസ്‌ട്രേലിയൻ ഓപ്പണിൽ പരസ്പരം 4 തവണ കണ്ടുമുട്ടിയതിൽ 3 തവണയും ജ്യോക്കോവിച്ച് ആണ് ജയം കണ്ടത്. വിംബിൾഡണിലും 4 തവണ കണ്ടുമുട്ടിയതിൽ 3 എണ്ണത്തിലും ജ്യോക്കോവിച്ച് ജയം കണ്ടു. കഴിഞ്ഞ വർഷം നടന്ന വിംബിൾഡൺ ഫൈനൽ ആണ് ഇരുതാരങ്ങളും അവസാനം ആയി മുഖാമുഖം വന്ന ഗ്രാന്റ് സ്‌ലാം മത്സരം. അന്ന് കയ്യിൽ കിട്ടിയ മത്സരം കൈവിട്ട ഫെഡറർ വിംബിൾഡൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം ഏറിയ മത്സരത്തിൽ ആണ് തോറ്റത്.
ഫ്രഞ്ച് ഓപ്പണിൽ രണ്ട് തവണ ഇരുതാരങ്ങളും ഏറ്റുമുട്ടിയപ്പോൾ ഓരോരുത്തരും ഓരോ ജയം വീതം നേടി. യു.എസ് ഓപ്പണിൽ 6 തവണ പരസ്പരം കണ്ടുമുട്ടിയപ്പോഴും 3 വീതം ജയങ്ങൾ ആണ് ഇരുതാരങ്ങളും നേടിയത്. 16 ഗ്രാന്റ് സ്‌ലാം നേട്ടങ്ങളും ആയി ജ്യോക്കോവിച്ച് നിൽക്കുമ്പോൾ 20 ഗ്രാന്റ് സ്‌ലാമുകൾ ആണ് ഫെഡററിന്റെ കൈമുതൽ. 32 കാരനായ ജ്യോക്കോവിച്ചിനു എതിരെ എ.ടി. പി മാസ്റ്റേഴ്സിൽ അവസാനം കളിച്ച കളി ജയിക്കാൻ 38 കാരൻ ആയ ഫെഡറർക്ക് ആയി എന്നാൽ അതിനു മുമ്പ് കളിച്ച 5 കളികളിലും ജയം ജ്യോക്കോവിച്ചിനു ഒപ്പം ആയിരുന്നു. നിലവിലെ ഫോമിലും ഹാർഡ് കോർട്ടിലെ മികവും പരിഗണിച്ചാൽ ജ്യോക്കോവിച്ചിനു തന്നെയാണ് മത്സരം ജയിക്കാൻ കൂടുതൽ സാധ്യത. എന്നാൽ ടൂർണമെന്റിൽ ഇത് വരെ അത്ഭുതകരമായ വിധം രക്ഷപ്പെട്ട പരിക്ക് അലട്ടുന്നു എങ്കിലും ഫെഡറർ മറ്റൊരു അത്ഭുതം ആവും ജ്യോക്കോവിച്ചിനു എതിരെ പ്രതീക്ഷിക്കുക.