ഓസ്‌ട്രേലിയൻ ഓപ്പണിൽ ഫൈനലിലേക്ക് മുന്നേറി ലോക രണ്ടാം നമ്പർ താരവും നിലവിലെ ജേതാവും ആയ നൊവാക് ജ്യോക്കോവിച്ച്. മൂന്നാം സീഡ് ആയ റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് ജ്യോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്. സെമിഫൈനലിൽ ഏറ്റ പരിക്കിനെ മറികടന്ന് മത്സരത്തിനു എത്തിയ ഫെഡറർക്ക് മത്സരത്തിൽ മികച്ച തുടക്കം ആണ് ലഭിച്ചത്. ഏസുകളിലൂടെ ആദ്യ സർവ്വീസ് നേടിയ ഫെഡറർ ജ്യോക്കോവിച്ചിന്റെ ആദ്യ സർവീസും ബ്രൈക്ക് ചെയ്തു. എന്നാൽ തിരിച്ചു ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് മത്സരത്തിൽ തിരിച്ച് എത്തി. എന്നാൽ വീണ്ടും രണ്ട് തവണ ജ്യോക്കോവിച്ചിന്റെ സർവ്വീസ് ബ്രൈക്ക് ചെയ്ത ഫെഡറർ മത്സരത്തിൽ ആധിപത്യം സ്വന്തമാക്കി. എന്നാൽ പ്രതിരോധം കൊണ്ട് മത്സരം തിരിച്ചു പിടിക്കുന്ന ജ്യോക്കോവിച്ചിനെയാണ് മത്സരത്തിൽ പിന്നീട് കണ്ടത്. 4-1 ൽ പിന്നിട്ട് നിൽക്കുമ്പോൾ 3 ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ച് മത്സരത്തിൽ തിരിച്ചു വന്ന നൊവാക് ഫെഡററുടെ സർവീസുകൾ പിന്നീട് നിരന്തരം ബ്രൈക്ക് ചെയ്തു സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടി.
എന്നും ടൈബ്രെക്കറുകളിൽ തനിക്ക് ഫെഡറർക്ക് മേലുള്ള ആധിപത്യം തുടർന്ന സെർബിയൻ താരം ആദ്യ സെറ്റ് ഫെഡററിൽ നിന്ന് അക്ഷരാർത്ഥത്തിൽ തട്ടിയെടുത്തു. രണ്ടാം സെറ്റിൽ തന്റെ കളിയുടെ മികവ് ഉയർത്തുന്ന നൊവാക്കിന് എതിരെ ഫെഡറർ പിടിച്ചു നിൽക്കാൻ പാട് പെട്ടു. എങ്കിലും സർവീസുകൾ കൈവിടാതെ നോക്കാൻ ഫെഡറർക്ക് ആയി. എന്നാൽ ഫെഡററിന്റെ അഞ്ചാം സർവീസ് ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് സർവ്വീസ് നിലനിർത്തി രണ്ടാം സെറ്റ് 6-4 നു നേടി മത്സരത്തിൽ ആധിപത്യം പിടിച്ചു. തോൽവി ഉറപ്പാക്കി എങ്കിലും പലപ്പോഴും മികച്ച ഷോട്ടുകളും ആയി തനിക്കായി ആർത്ത് വിളിച്ച ഭൂരിപക്ഷം കാണികളുടെയും ജ്യോക്കോവിച്ചിന്റെയും കയ്യടികൾ ഫെഡറർ നേടി.
മൂന്നാം സെറ്റിൽ രണ്ട് സെറ്റുകൾ തോറ്റ ശേഷം ജ്യോക്കോവിച്ചിനു എതിരെ തിരിച്ചു വരിക എന്ന അസാധ്യമായ ജോലി ആയിരുന്നു ഫെഡറർക്ക് ഉണ്ടായിരുന്നത്. എന്നാൽ ആദ്യമെ തന്നെ ഫെഡറർ സർവ്വീസ് ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് മൂന്നാം സെറ്റ് 6-3 നു സ്വന്തമാക്കി ഏതാണ്ട് 2 മണിക്കൂറിൽ ഏറെ നീണ്ട മത്സരം അവസാനിപ്പിച്ചു. തന്റെ പ്രിയപ്പെട്ട ടൂർണമെന്റ് ആയ ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇതോടെ കളിച്ച 8 സെമിഫൈനലുകളും ജയിക്കാൻ ജ്യോക്കോവിച്ചിനു ആയി,ഇത് കരിയറിലെ 26 മത്തെ സെമിഫൈനൽ ആണ് ജ്യോക്കോവിച്ചിനു. മുമ്പ് കളിച്ച 7 ഫൈനലുകളിലും ഓസ്‌ട്രേലിയയിൽ ജയം കണ്ട ജ്യോക്കോവിച്ച് എട്ടാം കിരീടം ആവും ഫൈനലിൽ ലക്ഷ്യമിടുക. ഫൈനലിൽ പുതിയ തലമുറയിലെ സൂപ്പർ താരങ്ങൾ ആയ ഏഴാം സീഡ് അലക്‌സാണ്ടർ സെവർവ്വ് അല്ലെങ്കിൽ അഞ്ചാം സീഡ് ഡൊമനിക് തീം ആവും ജ്യോക്കോവിച്ചിന്റെ എതിരാളി. സെമിയിൽ തോറ്റു എങ്കിലും വിംബിൾഡനിൽ ശക്തമായി തിരിച്ചു വരാൻ ആവും ഫെഡററിന്റെ ശ്രമം.