2022 ലെ അവിശ്വസനീയ മികവ് തുടർന്ന് റാഫ നദാൽ. 2022 ൽ ഇത് വരെ പരാജയം അറിയാത്ത നദാൽ ഇന്ത്യൻ വെൽസ് സെമിഫൈനലിൽ സ്പാനിഷ് യുവതാരവും തന്റെ പിൻഗാമി എന്നു വാഴ്ത്തപ്പെടുന്ന കാർലോസ് അൽകാരസ് ഗാർഫിയയെ തോൽപ്പിച്ചു ഫൈനലിൽ എത്തി. ഈ വർഷം നദാലിന്റെ ഇരുപതാം ജയം ആണ് ഇത്. ഇടക്ക് വലച്ച പരിക്ക് അതിജീവിച്ചു ആണ് നദാൽ മത്സരത്തിൽ ജയം കണ്ടത്. മികച്ച പോരാട്ടം ആണ് മത്സരത്തിൽ അൽകാരസ് നദാലിന് നൽകിയത്. 19 സീഡിന് എതിരെ നാലാം സീഡ് ആയ നദാൽ ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ അൽകാരസ് തിരിച്ചടിച്ചു. സെറ്റ് 6-4 നു നേടിയ യുവതാരം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി.
എന്നാൽ മൂന്നാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ നദാൽ സെറ്റ് 6-3 നു ബെറ്റി മത്സരം സ്വന്തം പേരിലാക്കി. ജയത്തോടെ തന്റെ 53 മത്തെ എ.ടി.പി 1000 മാസ്റ്റേഴ്സ് ഫൈനലിന് ആണ് നദാൽ യോഗ്യത നേടിയത്. കൂടാതെ ലോക മൂന്നാം റാങ്കിൽ എത്താനും നദാലിന് ആയി. മത്സരത്തിൽ 5 തവണ നദാലിനെ അൽകാരസ് ബ്രൈക്ക് ചെയ്തു എന്നാൽ 6 തവണ ബ്രൈക്ക് കണ്ടത്താൻ നദാലിനും ആയി. രണ്ടാം സെമിഫൈനലിൽ ഏഴാം സീഡ് ആന്ദ്ര റൂബ്ലേവിനെ 20 സീഡ് അമേരിക്കൻ യുവതാരം ടൈയ്‌ലർ ഫ്രിറ്റ്സ് അട്ടിമറിച്ചു. 7-5, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ഫ്രിറ്റ്സ് മത്സരത്തിൽ ജയം കണ്ടത്. ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും റൂബ്ലേവിനെ മൂന്നു തവണ ബ്രൈക്ക് ചെയ്തു ഫ്രിറ്റ്സ്. ഫൈനലിൽ ഫ്രിറ്റ്സ് നദാലിന് വെല്ലുവിളി ആവുമോ എന്നു കണ്ടറിയണം.