പുതിയ ലോക ഒന്നാം നമ്പർ താരം ഡാനിൽ മെദ്വദേവിനെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിന് പിറകെ ഒരിക്കൽ കൂടി തോൽപ്പിച്ചു റാഫേൽ നദാൽ. മെക്സിക്കൻ ഓപ്പൺ സെമി ഫൈനലിൽ ഒന്നാം സീഡ് ആയ റഷ്യൻ താരത്തെ നാലാം സീഡ് ആയ മൂന്നു തവണ മെക്സിക്കൻ ഓപ്പൺ ജേതാവ് ആയ നദാൽ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തോൽപ്പിച്ചത്. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത മെദ്വദേവ് പക്ഷെ 7 ഡബിൾ ഫോൾട്ടുകൾ ആണ് അടിച്ചത്. 3 തവണ റഷ്യൻ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്യാൻ നദാലിന് ആയി. 11 തവണ ബ്രൈക്ക് പോയിന്റുകൾ വഴങ്ങിയെങ്കിലും ഒരിക്കൽ പോലും നദാൽ ബ്രൈക്ക് വഴങ്ങിയില്ല. 6-3, 6-3 എന്ന സ്കോറിന് ജയം കണ്ട നദാൽ 2022 ൽ ഇത് വരെ പരാജയം അറിഞ്ഞിട്ടില്ല.
ഫൈനലിൽ ബ്രിട്ടീഷ് ഒന്നാം നമ്പർ ആയ കാമറൂൺ നോരിയാണ് നദാലിന്റെ എതിരാളി. സെമിയിൽ മൂന്നാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ആറാം സീഡ് ആയ നോരി വീഴ്‌ത്തിയത്. മത്സരത്തിൽ ഗ്രീക്ക് താരത്തിനെ ഓരോ സെറ്റിലും ബ്രൈക്ക് ചെയ്യാൻ ബ്രിട്ടീഷ് താരത്തിന് ആയി. 6-4, 6-4 എന്ന സ്കോറിന് ആയിരുന്നു ബ്രിട്ടീഷ് താരത്തിന്റെ അട്ടിമറി ജയം. ഫൈനലിൽ നദാലിനെ വെല്ലുവിളിക്കാൻ ബ്രിട്ടീഷ് താരത്തിന് ആവുമോ എന്നു കണ്ടു തന്നെ അറിയണം.