തിരുമ്പി വന്താച്ച്! ദുബായ് ഓപ്പണിൽ 2022 ലെ ആദ്യ ജയം കണ്ടു ജ്യോക്കോവിച്ച്, പൊരുതി ജയിച്ചു മറെയും

Screenshot 20220222 132430

ഓസ്‌ട്രേലിയൻ ഓപ്പണിലെ വിവാദങ്ങൾക്ക് ശേഷം 2022 ലെ ആദ്യ ജയം എ.ടി.പി 500 മാസ്റ്റേഴ്സ് ആയ ദുബായ് ഓപ്പണിൽ ആദ്യ റൗണ്ടിൽ കുറിച്ച് ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച്. ഡാനിൽ മെദ്വദേവിൽ നിന്നു ലോക ഒന്നാം നമ്പർ സ്ഥാനത്ത് കടുത്ത വെല്ലുവിളി നേരിടുന്ന ജ്യോക്കോവിച്ച് ഇറ്റാലിയൻ താരം ലോറൻസോ മുസെറ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറികടന്നത്. മത്സരത്തിൽ 7 തവണ ബ്രൈക്ക് പോയിന്റുകൾ നേരിട്ട ജ്യോക്കോവിച്ച് ഒരൊറ്റ ബ്രൈക്ക് പോലും മത്സരത്തിൽ വഴങ്ങിയില്ല. 3 തവണ ബ്രൈക്ക് കണ്ടത്താനും സെർബിയൻ താരത്തിന് ആയി.

Screenshot 20220222 134223

6-3, 6-3 എന്ന നേരിട്ടുള്ള സ്‌കോർ സൂചിപ്പിക്കുന്നതിലും കടുത്ത പോരാട്ടം ആണ് ജ്യോക്കോവിച്ച് ഈ മത്സരത്തിൽ നേരിട്ടത്. അതേസമയം ഓസ്‌ട്രേലിയൻ താരം ക്രിസ്റ്റഫർ കോണളിയെ തിരിച്ചു വന്നു തോൽപ്പിച്ച ആന്റി മറെയും രണ്ടാം റൗണ്ടിൽ എത്തി. ടൈബ്രേക്കറിൽ ആദ്യ സെറ്റ് നഷ്ടമായ മറെ രണ്ടാം സെറ്റ് 6-3 നു നേടി. മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം അതിജീവിച്ചു 7-5 നു ജയം കണ്ടാണ് ബ്രിട്ടീഷ് താരം രണ്ടാം റൗണ്ടിൽ എത്തിയത്. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത മറെ നാലു തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. മൂന്നു മണിക്കൂറിൽ അധികം നീണ്ടു നിന്നു ഈ മത്സരം.