റിയോ ഓപ്പണിൽ കിരീടം നേടി ചരിത്രം എഴുതി 18 കാരൻ കാർലോസ് അൽകാരസ്! ഇത് പുതിയ സ്പാനിഷ് സൂപ്പർ താരം

എ.ടി.പി 500 മാസ്റ്റേഴ്സ് റിയോ ഓപ്പണിൽ കിരീടം നേടി 18 വയസ്സുള്ള സ്പാനിഷ് യുവ താരം കാർലോസ് അൽകാരസ്. അർജന്റീനയുടെ ഡീഗോ ഷ്വാർട്ട്സ്മാനു മേൽ ആധിപത്യ ജയവുമായി ആണ് അൽകാരസ് ചരിത്രം എഴുതിയത്. 6-4, 6-2 എന്ന നേരിട്ടുള്ള സ്കോറിന് അർജന്റീന താരത്തെ തകർത്ത സ്പാനിഷ് താരം കരിയറിലെ തന്റെ രണ്ടാം കിരീടം ആണ് റിയോയിൽ ഉയർത്തിയത്.

എ.ടി.പി 500 മാസ്റ്റേഴ്സ് കിരീടം നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ അൽകാരസ് മാറി. ജയത്തോടെ കരിയറിൽ ആദ്യമായി റാങ്കിംഗിൽ ആദ്യ 20 തിനുള്ളിലും താരം എത്തും. അതേസമയം അകപുൽകോ ഓപ്പണിൽ നിന്നു താരം പിന്മാറി. ഇതിനകം തന്നെ നദാൽ, ഫെഡറർ എന്നിവരും ആയി താരതമ്യം ചെയ്യുന്ന ഭാവി സൂപ്പർ താരം എന്നു വിളിക്കുന്ന അൽകാരസ് നദാലിന് ശേഷം സ്‌പെയിൻ സംഭാവന ചെയ്യുന്ന വലിയ താരം ആവും എന്നുറപ്പാണ്.