ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ ഏറ്റ ദയനീയ പരാജയത്തിൽ നിന്ന് കരകയറുക ആകും എ ടി കെ കൊൽക്കത്തയുടെ ഇന്നത്തെ ലക്ഷ്യം. സ്വന്തം ഹോം ഗ്രൗണ്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് എ ടി കെ ഇന്ന് നേരിടാൻ പോകുന്നത്. ആദ്യ മത്സരത്തിൽ എഫ് സി ഗോവയ്ക്കെതിരെ സമനില നേടിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനെ ആദ്യ മത്സരത്തിൽ നേരിട്ട എ ടി കെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയം നേരിട്ടിരുന്നു. ചരിത്രത്തിൽ സ്വന്തം ഹോമിൽ കേരളത്തോട് എ ടി കെയുടെ ആദ്യ പരാജയം കൂടിയായിരുന്നു അത്. പരാജയം ആയിരിക്കില്ല സ്റ്റീവ് കോപ്പലിനെ കുഴപ്പത്തിലാക്കുന്നത്. പരാജയത്തിൽ എ ടി കെ നടത്തിയ പ്രകടനമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ ഒരു വിധത്തിലും സമ്മർദ്ദത്തിൽ ആക്കാൻ വരെ എ ടി കെയ്ക്ക് ആയിരുന്നില്ല.
ലാൻസരോട്ടെ ഫോമിലേക്ക് എത്താതിരുന്നതും എ ടി കെയെ ബ്ലാസ്റ്റേഴ്സിനു പിറകിൽ ആവുന്നതിന് കാരണമായി. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിൽ ആയിരുന്ന കാലു ഉചെ ഇന്ന് ആദ്യ ഇലവനിൽ എത്തുമെന്നും അത് എ ടി കെയെ ഫോമിൽ ആക്കും എന്നുമാണ് കോപ്പൽ കരുതുന്നത്.
എഫ് സി ഗോവയ്ക്ക് എതിരെ സമനില നേടി എങ്കിലും അത്ര മികച്ച പ്രകടനമായിരുന്നില്ല നോർത്ത് ഈസ്റ്റിന്റേത്. ടീമിൽ ഭൂരിഭാഗം താരങ്ങളും പുതിയതാണ് എന്നതു കൊണ്ട് തന്നെ താരങ്ങൾ തമ്മിൽ കളത്തിൽ ഇണക്കം വരാൻ സമയം എടുക്കും എന്ന് നോർത്ത് ഈസ്റ്റ് പരിശീലകൻ ഷറ്റോരി പറഞ്ഞു.