സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ എടികെ മോഹൻബഗാന്റെ വിജയപരമ്പര തുടരുന്നു. സ്വന്തം തട്ടകത്തിൽ തുടർച്ചയായ അഞ്ചാം വിജയം നേടിയ എടികെ, എഫ്സി ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി. ദിമിത്രി പെട്രാടോസ്, ഹ്യൂഗോ ബോമസ് എന്നിവർ വിജയികൾക്കായി ഗോൾ നേടിയപ്പോൾ ഗോവയുടെ ഗോൾ അൻവർ അലി സ്വന്തം പേരിൽ കുറിച്ചു. ഇതോടെ എടികെ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഗോവ അഞ്ചാമത് തുടരുകയാണ്.
ആദ്യ പകുതിയിൽ ഗോവക്കായിരുന്നു ചെറിയ മുൻതൂക്കം. ഇരു ടീമുകൾക്കും പോസ്റ്റിന് മുന്നിൽ അപകടകരമായ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിച്ചു. എങ്കിലും പന്തിലുള്ള ആധിപത്യത്തിൽ ഗോവ മുന്നിട്ടു നിന്നു. ആദ്യ മിനിറ്റുകളിൽ കളം നിറഞ്ഞ എടികെ ഒൻപതാം മിനിറ്റിൽ തന്നെ ലീഡ് എടുത്തു. വലത് വിങ്ങിൽ കൊളാസോയുടെ ത്രോ സ്വീകരിച്ച് കുതിച്ച ദിമിത്രി പെട്രാടോസ് ബോക്സിന് പുറത്തു നിന്നും അസാധ്യമായ ഒരു ആംഗിളിൽ നിന്നും അപ്രതീക്ഷിതമായി ഷോട്ട് ഉതിർത്തപ്പോൾ കീപ്പർ ധീരജിന് കണക്ക് കൂട്ടലുകൾ പിഴച്ചു. ഗോൾ വീണതോടെ ഗോവ കൂടുതൽ ഉണർന്നു കളിച്ചു. ഇരുപത്തിയഞ്ചാം മിനിറ്റിൽ അവർ സമനില ഗോൾ നേടി. വലത് വിങ്ങിൽ നിന്നും എഡു ബെഡിയയിൽ നിന്നെത്തിയ ഫ്രീകിക്കിൽ ഓടിയെത്തി പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു അൻവർ അലിക്ക് ബൂട്ട് വെക്കാൻ സാധിച്ചപ്പോൾ എടികെ കാത്തിരുന്ന ഗോൾ എത്തി. വീണ്ടും ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതി സമനിലയിൽ തന്നെ അവസാനിച്ചു.
രണ്ടാം പകുതിയിലും ആദ്യ പകുതിയുടെ ആവർത്തനമാണ് കണ്ടത്. അൻപത്തിമൂന്നാം മിനിറ്റിൽ എടികെ മോഹൻബഗാൻ ലീഡ് എടുത്തു. ഗോവയുടെ പാസ് പിടിച്ചെടുത്ത ആഷിഖ് കുരുണിയനിൽ നിന്നും തുടങ്ങിയ ആതിഥേയരുടെ നീക്കം ദിമിത്രിയിലൂടെ നീങ്ങി ബോക്സിന് ഉള്ളിൽ നിന്നും ഹ്യൂഗോ ബോമസിലേക്ക് എത്തുമ്പോൾ താരത്തെ മാർക്ക് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. താരം അനായാസം വളകുലുക്കി. ആദ്യ പകുതിയിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട പ്രകടനമാണ് എടികെ കാഴ്ച്ചവെച്ചത്. പിന്നീട് ഗോൾ നേടാനുള്ള സുവർണാവസരം ഇരു ടീമുകൾക്കും ലഭിച്ചു. ഗോൾ വലക്ക് തൊട്ടു മുൻപിൽ വെച്ചു അൻവർ അലിയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചത് അവിശ്വസനീയമായി. രണ്ടാം ഗോളിന്റെ അവർത്തനമെന്നൊണം കൗണ്ടറിൽ നിന്നെത്തിയ ബോളിൽ ആഷിഖിന് പിഴച്ചപ്പോൾ ലീഡ് ഉയർത്താനുള്ള മികച്ച ഒരവസരം കൈവിട്ടു. ഇതോടെ നോർത്ത് ഈസ്റ്റിനോടെറ്റ തോൽവിയിൽ നിന്നും വിജയ വഴിയിൽ തിരിച്ചെത്താനും എടികെക്ക് സാധിച്ചു.