ഐ എസ് എല്ലിൽ ഇനി എ ടി കെ തന്നെ വമ്പന്മാർ. മൂന്നാം കിരീടത്തിൽ മുത്തമിട്ട് കൊണ്ട് ഐ എ എല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമായി എ ടി കെ കൊൽക്കത്ത മാറിയിരിക്കുന്നു. ഇന്ന്
ഐ എസ് എൽ ഫൈനലിൽ ചെന്നൈയിനെ തകർത്തു കൊണ്ടാണ് എ ടി കെ കിരീടം സ്വന്തമാക്കിയത്. ഗോവയിൽ നടന്ന ഫൈനൽ ചെന്നൈയിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എ ടി കെ വിജയിച്ചത്.
ഫൈനൽ കാണാൻ പ്രേക്ഷകർക്ക് അനുമതി ഇല്ലെങ്കിലും ആവേശം ഒട്ടും കുറയാത്ത പ്രകടനമാണ് ഇന്ന് ഫൈനലിൽ കാണാനായത്. മത്സരത്തിൽ തുടക്കം മുതൽ അറ്റാക്കിംഗ് ഫുട്ബോൾ ആണ് ഇരു ടീമുകളും നടത്തിയത്. തുടക്കത്തിൽ തന്നെ ചെന്നൈയിന്റെ അവസരം പോസ്റ്റിൽ തട്ടി മടങ്ങി. മത്സരത്തിന്റെ പത്താം മിനുട്ടിൽ ഹാവിയർ ഹെർണാണ്ടസ് ആണ് എ ടി കെയ്ക്ക് ലീഡ് നൽകിയത്. റോയ് കൃഷ്ണയുടെ ക്രോസിൽ നിന്ന് ഒരു മനോഹരമായ സൈഡ് വോളിയിലൂടെയായിരുന്നു ഹവിയറിന്റെ ഗോൾ.
ഹവിയർ ഹെർണാണ്ടസിന്റെ ഈ സീസണിലെ ആദ്യ ഗോളാണ് ഇത്. 23ആം മിനുട്ടിൽ എ ടി കെയ്ക്ക് ലീഡ് ഇരട്ടിയാക്കാൻ സുവർണ്ണാവസരം ലഭിച്ചു എങ്കിലും രണ്ട് ഗോൾ ലൈൻ ക്ലിയറൻസ് സ്കോർ 1-0ൽ തന്നെ നിർത്തി. മറുവശത്ത് ചെന്നൈയിന്റെ ആക്രമണങ്ങൾ അരിന്ദാമും തടഞ്ഞു. ആദ്യ പകുതിയിൽ 38ആം മിനുട്ടിൽ റോയ് കൃഷ്ണ പരിക്കേറ്റ് പുറത്ത് പോയത് എ ടി കെയ്ക്ക് വലിയ ക്ഷീണമായി.
എങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ഗോൾ കൂടെ നേടി ഈ ക്ഷീണം എ ടി കെ കൊൽക്കത്ത മറികടന്നു. 48ആം മിനുട്ടിൽ ഡേവിഡ് വില്യംസിന്റെ പാസ് സ്വീകരിച്ച് എഡു ഗാർസിയ ആണ് ഗോൾ നേടിയത്. ഈ ഗോളോടെ പ്രതിരോധത്തിലേക്ക് നീങ്ങി വിജയം ഉറപ്പിക്കാനുള്ള ടാക്ടിക്സിലേക്ക് എ ടി കെ മാറി. പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ കൂടുതൽ ആക്രമണങ്ങൾ എ ടി കെ നേരിടേണ്ടി വന്നു.
69ആം മിനുട്ടിൽ വാൽസ്കിസിലൂടെ ഒരു ഗോൾ തിരിച്ചടിക്കാൻ ചെന്നൈയിനായി. ജെറിയുടെ പാസിൽ നിന്നായിരുന്നു വാൽസ്കിസിന്റെ ഗോൾ. താരത്തിന്റെ സീസണിലെ 15ആമത്തെ ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം സമനില ഗോളിനായി ചെന്നൈയിൻ ആഞ്ഞു ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. അവസാന നിമിഷം ഹാവിയർ ഹെർണാണ്ടസിലൂടെ മൂന്നാം ഗോളും നേടി എ ടി കെ കിരീടം ഉറപ്പിച്ചു.
ഈ വിജയം എ ടി കെയുടെ മൂന്നാം കിരീടത്തിനൊപ്പം പരിശീലകൻ ഹബാസിന്റെ രണ്ടാം കിരീടം കൂടിയാണ്. രണ്ട് ഐ എസ് എൽ കിരീടം നേടുന്ന ആദ്യ പരിശീലകനായി ഹബാസ് ഇതോടെ മാറി.