സീരി എയിൽ മറ്റൊരു വിജയവുമായി അറ്റലാന്റ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. ഇന്ന് ജെനോയയെ പരാജയപ്പെടുത്തിയാണ് അറ്റലാന്റ ആദ്യ നാലി ഫിനിഷ് ചെയ്യും എന്ന് ഉറപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു അറ്റലാന്റയുടെ വിജയം. ആദ്യ പകുതിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയ അറ്റലാന്റയ്ക്ക് രണ്ടാം പകുതിയിൽ ജെനോയയുടെ വലിയ പോരാട്ടം തന്നെ നേരിടേണ്ടി വന്നു.
ഒമ്പതാം മിനുട്ടിൽ സപാറ്റയുടെ ഗോളിലാണ് അറ്റലാന്റ ഗോൾപട്ടിക തുറന്നത്. 26ആം മിനുട്ടിൽ മലിനൊവേസ്കിയും 44ആം മിനുട്ടിൽ ഗൊസൻസും അറ്റലാന്റയ്ക്കായി ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഷൊമുർദോവിലൂടെ ഒരു ഗോൾ മടക്കാൻ ജെനോവയ്ക്ക് ആയി. എന്നാൽ 51ആം മിനുട്ടിലെ പസിലിചിന്റെ ഗോൾ മൂന്ന് ഗോൾ ലീഡ് പുനസ്ഥാപിച്ചു.
67ആം മിനുട്ടിലെ പാൻഡേവിന്റെ പെനാൾട്ടിയും 84ആം മിനുട്ടിൽ ഷൊമുർദോവിന്റെ ഗോളും സ്കോർ 4-3 എന്നാക്കി എങ്കിലും അറ്റാലാന്റയുടെ വിജയം തടയാൻ ജെനോവയ്ക്ക് ആയില്ല. ഈ വിജയത്തോടെ 37 മത്സരങ്ങളിൽ നിന്ന് 78 പോയിന്റുമായി അറ്റലാന്റ ലീഗിൽ രണ്ടാം സ്ഥാനത്തേ് നിൽക്കുകയാണ്. ഇത് തുടർച്ചയായ മൂന്നാം സീസണിലാണ് അറ്റലാന്റ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നത്.