ഋഷഭ് പന്തും ചേതേശ്വര്‍ പുജാരയും തങ്ങളുടെ മികച്ച ഇന്നിംഗ്സുകള്‍ക്ക് ശേഷം പുറത്തായി മടങ്ങുമ്പോളും സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ പ്രയാസമായിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ചെറുത്ത്നില്പായിരുന്നു. രവിചന്ദ്രന്‍ അശ്വിനും ഹനുമ വിഹാരിയും ബോഡി ബ്ലോവും പരിക്കും എല്ലാം വകവയ്ക്കാതെ പ്രതിരോധ മതില്‍ പണിതപ്പോള്‍ സിഡ്നി ടെസ്റ്റില്‍ സമനില നേടുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 131 ഓവറില്‍ നിന്ന് 334 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഋഷഭ് പന്ത് ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും പന്തിനെയും ചേതേശ്വര്‍ പുജാരയെയും പുറത്താക്കി മത്സരത്തിലേക്ക് ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
ഋഷഭ് പന്ത് 97 റണ്‍സ് നേടി പുറത്തായ ശേഷം അധികം വൈകാതെ 77 റണ്‍സ് നേടിയ പുജാരയെയും ഇന്ത്യയ്ക്ക് നഷ്ടമായതോടെ ടീം 272/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അവസാന സെഷനിലേക്ക് മത്സരം കടക്കുമ്പോള്‍ മേല്‍ക്കൈ ഓസ്ട്രേലിയയ്ക്കായിരുന്നുവെങ്കിലും രവിചന്ദ്രന്‍ അശ്വിനും ഹനുമ വിഹാരിയും പടുത്തുയര്‍ത്തിയ കനത്ത പ്രതിരോധം ഭേദിക്കുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല.
നേരത്തെ ഋഷഭ് പന്തിന്റെ രണ്ട് ക്യാച്ചുകള്‍ കൈവിട്ട ടിം പെയിന്‍ മത്സരം അവസാന പത്തോവറിലേക്ക് കടന്നപ്പോള്‍ ഹനുമ വിഹാരിയുടെയും ക്യാച്ച് കൈവിടുന്നതാണ് കണ്ടത്. 258 പന്തില്‍ നിന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് അശ്വിനും ഹനുമ വിഹാരിയും ചേര്‍ന്ന് നേടിയത്.
അശ്വിന്‍ 128 പന്ത് നേരിട്ട് 39 റണ്‍സ് നേടിയപ്പോള്‍ വിഹാരി 23 റണ്‍സ് നേടുവാന്‍ 161 പന്തുകള്‍ നേരിട്ടു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ നാല് ക്യാച്ചുകളാണ് കൈവിട്ടത്. ഇതില്‍ മൂന്നെണ്ണം കൈവിട്ടത് ക്യാപ്റ്റന്‍ ടിം പെയിന്‍ ആണ്.