ഇത് ഗുരുത്വാകർഷണനിയമങ്ങളെ തെറ്റിച്ച ഒരു പന്തിന്റെ കഥയാണ്. ഒരു ആഷസ് കഥ. 1993 ലെ ആഷസ് സീരീസ്, വേദി വിഖ്യാതമായ ഓൾഡ് ട്രാഫോഡ്. പന്തെറിയാൻ പോകുന്നത് ആദ്യമായി ഇംഗ്ലണ്ടിൽ കളിക്കുന്ന ആഷസിൽ ആദ്യമായി പന്തെറിയാൻ പോകുന്നൊരു തടിയൻ പയ്യൻ. ലെഗ് സ്പിന്നർ ആണ്, ആൾ അലസനാണെന്നു ശരീരം കണ്ടാൽ തന്നെ അറിയാം. ബാറ്റ് ചെയ്യുന്നതാവട്ടെ ഒരുപാട് പരിചയസമ്പന്നനായ ഇംഗ്ലീഷ് താരം മൈക്ക് ഗാറ്റിങ്. സ്പിന്നർമാർക്കെതിരെ മികച്ച റെക്കോർഡ് കൈമുതലുള്ള ഗാറ്റിങ് ഗാർഡ് എടുത്ത് പന്ത് നേരിടാനായി ക്രീസിൽ നിലയുറപ്പിച്ചു.
It's 25 years today since THAT ball!
Mike Gatting recalls Shane Warne's "ball of the century"… pic.twitter.com/UqhRwyxraU
— England Cricket (@englandcricket) June 4, 2018
മുമ്പ് പലപ്പോഴും കിട്ടിയ അവസരങ്ങൾ പാഴാക്കിയ ആ ഓസ്‌ട്രേലിയകാരൻ പയ്യൻ ബോൾ ചെയ്യാനായി പതുക്കെ നടന്നടുത്തു. ലെഗ് സൈഡിലേക്ക് ഒരുപാട് മാറി പിച്ച് ചെയ്ത പന്ത് വൈഡ് ആകുമോ എന്നു സംശയിച്ച് വെറുതെ വിടണോ അല്ല പാഡ് വച്ച് തടുക്കണോ എന്നു ചെറുതായി ആലോചിച്ചു ഗാറ്റിങ്. പക്ഷെ പന്ത് പിച്ചിൽ വീണ ശേഷം സംഭവിച്ചത് വിശ്വസിക്കാൻ ഗാറ്റിങിന് മാത്രമല്ല അത് കണ്ടിരുന്ന ലോകത്തിനു തന്നെ ഒരു നിമിഷത്തിലേറെ വേണ്ടി വന്നു.
പന്ത് ലെഗിൽ നിന്ന് ഗാറ്റിങിന്റെ ബാറ്റ് കടന്ന് ഓഫ് സ്റ്റെമ്പ് തെറുപ്പിച്ചപ്പോൾ വിശ്വസിക്കാൻ ആവാതെ ഗാറ്റിങ് ക്രീസിൽ ഒരു നിമിഷം അന്തം വിട്ട് നിന്നു, ആദ്യമായി കടലു കാണുന്ന കുട്ടിയെ എന്ന പോലെ. ആ നിമിഷം ഗാറ്റിങ് മാത്രമല്ല ക്രിക്കറ്റ് ആരാധകരും ലോകവും തന്നെ ആ പന്ത് എറിഞ്ഞ പയ്യനെ അറിഞ്ഞു. അതെ സ്പിൻ രാജാവിന്റെ, ഷെയിൻ വോണിന്റെ ക്രിക്കറ്റിലേക്കുള്ള പട്ടാഭിഷേകമായിരുന്നു ആ പന്ത്, അതെ നൂറ്റാണ്ടിന്റെ ആ പന്ത്.