കാലഘട്ടം ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ബാറ്റ്‌സ്മാൻ ക്രിക്കറ്റ് കളിക്കുന്ന കാലമാണ്, ഡോൺ ബ്രാഡ്മാൻ ബോളർമാരെ തകർത്തെറിയുന്ന കാലം. 1930 ലെ ആഷസ് പരമ്പരയിൽ ഇംഗ്ലീഷ് മണ്ണിൽ ഒരു ട്രിപ്പിൾ സ്വഞ്ചറിയും 2 ഡബിൾ സ്വഞ്ചറിയും ഒരു സ്വഞ്ചറിയും അടക്കം 139.14 എന്ന ശരാശരിയിൽ ബ്രാഡ്മാൻ നേടിയത് 974 റൺസ് ആയിരുന്നു. ഇംഗ്ലീഷ് കാണികളെ കാഴ്ചക്കാരാക്കിയ ഈ പ്രകടനം ഓസ്‌ട്രേലിയക്ക് ആഷസ് ജയവും സമ്മാനിച്ചു. ആഷസിലെ ഓരോ തോൽവിയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അഹങ്കാരത്തിനും ഏറ്റ വലിയ തോൽവിയായി ആണ് ഇംഗ്ലീഷ്കാർ കണ്ടത്. ഈ അവസരത്തിൽ ആണ് 1931 ൽ ഡഗ്ലസ് ജാർഡിൻ ഇംഗ്ലീഷ് നായകനായി അവരോധിക്കപ്പെടുന്നത്. എന്ത് വിലകൊടുത്തും ജയിക്കുക എന്ത് വൃത്തികെട്ട രീതിയിൽ ആയാലും ബ്രാഡ്മാനെ തടയുക എന്നതായി ജാർഡിന്റെ ലക്ഷ്യം. ഇതിനായി തല പുകച്ച് തുടങ്ങി ഇംഗ്ലീഷ് നായകൻ. 1930 ആഷസിൽ ഇറങ്ങാതിരുന്ന ജാർഡിൻ തന്റെ സൂക്ഷിച്ചുള്ള, മെല്ലെ പോക്ക് ബാറ്റിംഗിന് കുപ്രസിദ്ധി നേടിയ താരമായിരുന്നു. 1928-29 ലെ ആഷസ് പരമ്പരയിലെ ജാർഡിന്റെ ബാറ്റിംഗ് കാണികൾ കൂവലോടെയാണ് സ്വീകരിച്ചത്. 1931 ലെ ന്യൂസിലാൻഡ് പരമ്പരയിൽ ആണ് ജാർഡിൻ നായകപദവി ഏറ്റെടുക്കുന്നത്. ഡഗ്ലസ് ജാർഡിൻ ആയിരുന്നു 1932 ൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലീഷ് ടീമിനെ നയിച്ചതും.
പരമ്പരക്ക് മുമ്പ് 1930 ലെ ആഷസിൽ ഓവലിൽ ബ്രാഡ്മാൻ നേടിയ 232 റൺസിന്റെ വീഡിയോ പഠനവിധേയമാക്കിയ ജാർഡിന്റെ മുമ്പിൽ ഒരു ‘യുറേക്ക മോമന്റ്’ കണ്ണിലുടക്കി. അത് ഇംഗ്ലണ്ടിന്റെ ഏറ്റവും വേഗമേറിയ ഹാരോൾഡ് ലാർവുഡിനെ നേരിടുമ്പോൾ ബ്രാഡ്മാൻ ശരീരത്തിന് നേരെ വരുന്ന പന്തുകൾക്ക് മുമ്പിൽ പതറുന്ന കാഴ്ച ആയിരുന്നു. ശരീരത്തിന് നേരെ പന്തെറിഞ്ഞും ലെഗ് സൈഡിലേക്ക് വരുന്ന ബോൺസർ ഷോട്ട് ബോളുകൾ കൊണ്ടും ബ്രാഡ്മാനെ ബാക്ക് ഫുട്ടിലേക്ക് തളക്കാൻ ആവുമെന്ന് ഇംഗ്ലീഷ് നായകൻ തിരിച്ചറിഞ്ഞു. ഇത് ബ്രാഡ്മാനു റൺസ് നേടാനുള്ള അവസരങ്ങൾ കുറക്കും എന്നു ജാർഡിന് മനസ്സിലായി. ഈ ന്യൂനതയെ ബ്രാഡ്മാന്റെ ഭീരുത്വം ആയിട്ടാണ് ജാർഡിൻ കണക്കാക്കിയത്. 1911-12 ആഷസിൽ ഇംഗ്ലീഷ് ബോളർ ഫ്രാങ്ക് ഫോസ്റ്റർ പുറത്തെടുത്ത ലെഗ് സ്റ്റമ്പിനെയും ബാറ്റ്സ്മാന്റെ കാലുകളേയും ലക്ഷ്യം വക്കുന്ന പന്തുകൾ എറിഞ്ഞ് ലെഗ് സൈഡിൽ ഫിൽഡർമാരെ അണിനിരത്തുന്ന ‘ലെഗ് തിയറി’ എന്ന പേരിൽ പ്രസിദ്ധമായ രീതിയുടെ കൂടുതൽ മൂർച്ചയുള്ള ക്രൂരമായ രീതിയായിരുന്നു ഇംഗ്ലീഷ് നായകന്റെ മനസ്സിൽ. ഹാരോൾഡ് ലാർവുഡിന് പുറമെ ബിൽ വോസും ബിൽ ബ്വേസും അടങ്ങുന്ന മികച്ച ഫാസ്റ്റ് ബോളർമാർ ടീമിലുണ്ടായിരുന്ന ജാർഡിൻ തന്റെ ആശയം ആഷസിന് മുമ്പ് പരീക്ഷിച്ചു ഉറപ്പിക്കുകയും ചെയ്തു. ലാർവുഡും വോസും കളിച്ചിരുന്ന നോട്ടിങ്‌ഹാംഷറിന്റെ ക്യാപ്റ്റനും സുഹൃത്തുമായ മുൻ ഇംഗ്ലീഷ് നായകൻ ആർതർ കാറിനെ വച്ചാണ് ജാർഡിൻ തന്റെ ആശയം ആദ്യമായി പരീക്ഷിക്കുന്നത്. സന്നാഹമത്സരങ്ങളിലും ഈ രീതി തുടർന്ന ജാർഡിൻ ബ്രാഡ്മാനെ ചെറിയ സ്കോറുകളിൽ പുറത്തതാക്കാൻ ആയതിലൂടെ തന്റെ ആശയം വിജയം കാണുന്നു എന്ന് മനസ്സിലാക്കി.
കടുത്ത സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു ഓസ്‌ട്രേലിയ അന്ന്. തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവും ബുദ്ധിമുട്ടിച്ച അക്കാലത്ത് കായികരംഗത്തെ ജയങ്ങൾ ഓസ്‌ട്രേലിയക്ക് വലിയ ആശ്വാസമാണ് പകർന്നത്. പ്രതീക്ഷയുടെ ഏറ്റവും വലിയ പ്രതീകമായാണ് ഡോൺ ബ്രാഡ്മാനെ ഓസ്‌ട്രേലിയൻ ജനത കണ്ടത്. സാമ്പത്തിക ഞെരുക്കം ക്രിക്കറ്റിനെയും ബാധിച്ച ഇക്കാലത്ത് ഓസ്‌ട്രേലിയൻ ബോർഡുമായി അത്ര രസത്തിൽ അല്ലായിരുന്നു ബ്രാഡ്മാൻ. ശാരീരിക പ്രശ്നങ്ങൾ മൂലം ആദ്യ ടെസ്റ്റിൽ ബ്രാഡ്മാൻ ഇറങ്ങാതിരുന്നത് സന്നാഹമത്സരങ്ങളിൽ പരാജയപ്പെട്ട ബ്രാഡ്മാൻ പേടിച്ച് പിന്മാറിയത് ആയി വ്യാഖ്യാനിച്ചു ജാർഡിൻ. തന്റെ ആശയം ജയം കാണുന്നു എന്നു മനസ്സിലാക്കിയ ഇംഗ്ലീഷ് നായകൻ ബ്രാഡ്മാന്റെ അഭാവത്തിലും ബാറ്റ്സ്മാന്റെ ശരീരം ലക്ഷ്യമാക്കി പന്തെറിയാൻ ബോളർമാർക്ക് നിർദേശം നൽകി. ശരീരത്തിൽ തുടർച്ചയായി പന്ത് കൊണ്ട് പരിക്കേറ്റങ്കിലും പൊരുതി ആഷസ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മഹത്തായ ഇന്നിങ്‌സ് കളിച്ച സ്റ്റാൻ മക്കബെറയുടെ 187 റൺസിനും ഓസ്‌ട്രേലിയൻ പരാജയം തടുക്കാൻ ആയില്ല. മത്സരത്തിൽ 10 വിക്കറ്റ് സ്വന്തമാക്കിയ ഹാരോൾഡ് ലാർവുഡ് മത്സരം ഇംഗ്ലണ്ടിനു സമ്മാനിച്ചു. മത്സരശേഷം മെൽബൺ ഹെറാൾഡ് ആണ് ഇംഗ്ലീഷ് ബോളിംഗിന് ‘ബോഡി ലൈൻ’ ബോളിങ് എന്ന പ്രയോഗം നൽകുന്നത്. ഓസ്‌ട്രേലിയയിലും എന്തിന് ഇംഗ്ലണ്ടിൽ വരെ ഇതിനെതിരെ വിമർശനങ്ങൾ ഉണ്ടായി. എന്നാൽ ഇതൊന്നും ജയം മാത്രം ലക്ഷ്യം വച്ച ഇംഗ്ലീഷ് നായകനിൽ കുലുക്കമുണ്ടാക്കിയില്ല.
രണ്ടാം ടെസ്റ്റിൽ വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് വലിയ ആരവത്തോടെയാണ് കാണികൾ ബ്രാഡ്മാനെ സ്വീകരിച്ചത്. എന്നാൽ ബാറ്റിംഗിന് ഇറങ്ങിയ ബ്രാഡ്മാനെ കാത്ത് 3 ലെഗ് സ്ലിപ്പും, 2 ലെഗ് ഗള്ളിയും, ഒരു ഫോർവേഡ് ഷോർട്ട് ലെഗും, ഒരു ലോങ് ലെഗും ഒരു മിഡ് ഓണും അടക്കം 8 പേരെ ലെഗ് സൈഡിലേക്ക് അണിനിരത്തിയ ഫീൾഡിങ് ആയിരുന്നു. അതായത് ബോളറും വിക്കറ്റ് കീപ്പറും കഴിഞ്ഞാൽ ഓഫ് സൈഡിൽ ഒരാൾ മാത്രം. തുടക്കത്തിൽ തന്നെ ബ്വേസിന്റെ പന്തിൽ പിഴച്ച ബ്രാഡ്മാന്റെ ബാറ്റിൽ തട്ടി പന്ത് സ്റ്റമ്പിൽ കൊണ്ടു. തന്റെ തന്ത്രം വിജയിക്കുന്നതിന്റെ ആവേശത്തിൽ നൃത്തം ചവിട്ടി ഇംഗ്ലീഷ് നായകൻ. എന്നാൽ രണ്ടാം ഇന്നിംഗിസിൽ അപരാജിത 103 റൺസ് കുറിച്ച ബ്രാഡ്മാൻ ഓസ്‌ട്രേലിയയെ 191 ൽ എത്തിച്ചു. വെറും 7 ഫോറുകൾ പിറന്ന ഇന്നിങ്‌സിൽ പക്ഷേ ഗ്രൗണ്ടിൽ എങ്ങും ഷോട്ടുകൾ പാഴിച്ച ബ്രാഡ്മാൻ ബോഡി ലൈൻ തന്ത്രത്തെ തന്റെ പ്രതിഭ കൊണ്ട് നിഷ്പ്രഭമാക്കി. 100 തികച്ച ശേഷം എം.സി.ജിയിലെ കാണികൾ ബ്രാഡ്മാനെ കയ്യടികൾ കൊണ്ട് മൂടിയപ്പോൾ മത്സരം പോലും അൽപ്പനേരം തടസ്സപ്പെട്ടു. മത്സരത്തിൽ 10 വിക്കറ്റ് നേടി ഇംഗ്ലീഷ് ബാറ്റിങിനെ നിലംപരിശാക്കിയ ബിൽ ഒറേലി മത്സരം ഓസ്‌ട്രേലിയക്ക് സമ്മാനിച്ച് പരമ്പര 1-1 നു സമനിലയാക്കി.
എന്നാൽ ജയം മാത്രം ലക്ഷ്യമാക്കി ഡഗ്ലസ് ജാർഡിൻ ഇറങ്ങിയപ്പോൾ മൂന്നാം മത്സരം വിവാദങ്ങളുടെ പെരുമഴ സൃഷ്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷുകാർ 341 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ആദ്യമേ തന്നെ ജാക്കി ഫിങ്ൽട്ടനെ ഓസ്‌ട്രേലിയക്ക് നഷ്ടമായി. ക്യാപ്റ്റൻ ബിൽ വുഡ്ഫുള്ളിനൊപ്പം ബ്രാഡ്മാൻ ക്രീസിലേക്ക്. നിമിഷങ്ങൾക്ക് ഇപ്പുറം ഹാരോൾഡ് ലാർവുഡിന്റെ പന്ത് നെഞ്ചിൽ കൊണ്ട വുഡ്ഫുൾ വേദന കൊണ്ട് പിടഞ്ഞു. ഷർട്ട് തുറന്ന് കഴിഞ്ഞ കളിയിൽ ഏറ്റ പാടും ഈ പാടും ഉയർത്തി കാണിച്ച വുഡ്ഫുൾ തന്റെ നീരസം പ്രകടമാക്കി. അക്ഷമരായ കാണികൾ ഇംഗ്ലീഷ്കാർക്ക് നേരെ ശാപവാക്കുകൾ ഉതിർത്തു. എന്നാൽ ബ്രാഡ്മാൻ കേൾക്കെ പ്രകോപിക്കാൻ ഉറച്ച് അപ്പോൾ ഇംഗ്ലീഷ് നായകൻ വിളിച്ച് പറഞ്ഞത് ‘നന്നായി പന്ത് എറിഞ്ഞു ഹാരോൾഡ്’ എന്നായിരുന്നു. കാണികളെ ചൊടിപ്പിക്കാൻ ഓസ്‌ട്രേലിയൻ നായകൻ ചെയ്ത നാടകം എന്നതിനപ്പുറം ഒരു വിലയും ജാർഡിനോ ഹരോൾഡോ ഈ സംഭവത്തിനു നൽകിയില്ല. അതിനുള്ള തെളിവ് അടുത്ത പന്തിന് മുമ്പ് തന്നെ കണ്ടു. അടുത്ത പന്തെറിയാൻ തയ്യാറായി നിന്ന ലാർവുഡിനെ തടഞ്ഞ ജാർഡിൻ ലെഗ് സൈഡിലേക്ക് തന്നെ ഫിൾഡർമാരെ വിന്യസിച്ച് കാണികളെ ഒന്നുകൂടി പ്രകോപിപ്പിച്ച് താൻ പിന്നോട്ടില്ലെന്ന് വ്യക്തമായ സൂചന നൽകി. വീണ്ടും തുടർച്ചയായി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻമാരുടെ ശരീരം ലക്ഷ്യമാക്കി തീയുണ്ടകൾ പാഞ്ഞു.
അന്ന് തന്നെ ഡ്രസിങ് റൂമിലേക്ക് ഇംഗ്ലീഷ് മാനേജറെ വിളിച്ചു വരുത്തി ഓസ്‌ട്രേലിയ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ‘ഇവിടെ ഒരു ടീം മാത്രമേ ക്രിക്കറ്റ് കളിക്കുന്നുള്ളൂ’ എന്നു തുറന്നടിച്ചു വുഡ്ഫുൾ. മാന്യത മുഖമുദ്രയാക്കിയ ഇംഗ്ലീഷ് മാനേജർ പെൽഹാം വാർണറുടെ മുഖം താണൂ. എന്നാൽ വൈസ് ക്യാപ്റ്റനും സഹതാരങ്ങളും കാണികളും നിർബന്ധിച്ചിട്ടും ശരീരത്തിൽ വലിയ മുറിവ് ഏറ്റിട്ടും ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരുടെ ശരീരം ലക്ഷ്യമാക്കി പന്തെറിയാൻ വുഡ്ഫുൾ തന്റെ ബോളർമാരെ അനുവദിച്ചില്ല. വീണ്ടും ഇംഗ്ലീഷ് ശിക്ഷ തുടർന്ന് കൊണ്ടേയിരുന്നു. പന്ത് കൊണ്ട് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻമാർ വേദന കൊണ്ട് വീണൂ, പലപ്പോഴും ഓസ്‌ട്രേലിയൻ കാണികൾ ഇംഗ്ലീഷ് താരങ്ങളെ അക്രമിക്കുമോ എന്നു പോലും സംഘാടകർ ഭയന്നു. മൂന്നാം ടെസ്റ്റ് 338 റൺസിന് ജയിച്ച ജാർഡിനോ ഇംഗ്ലീഷ് ടീമിനോ ഇതൊന്നും ഒരു പ്രശ്നമായി പോലും തോന്നിയില്ല. കളിക്കളത്തിലെ സകലമാന്യതയും ബോഡി ലൈൻ ലംഘിക്കുന്നു എന്ന വിമർശനം എങ്ങും ഉയർന്നു. ഓസ്‌ട്രേലിയൻ ഭരണാധികാരി പോലും ബ്രിട്ടീഷ് അധികാരികളെ പ്രതിഷേധം അറിയിച്ചു. ഒരു സമയത്ത് ബാക്കിയുള്ള മത്സരങ്ങൾ ഉപേക്ഷിച്ചു പ്രതിഷേധിക്കാൻ പോലും ഓസ്‌ട്രേലിയൻ ബോർഡ് തീരുമാനിച്ചു. എന്നാൽ ഇത് സാമ്പത്തിക ഞെരുക്കം വീണ്ടും കൂട്ടും എന്ന തിരിച്ചറിവ് അവരെ അതിൽ നിന്ന് പിൻവലിപ്പിച്ചു. വീണ്ടും മത്സരങ്ങൾ തുടർന്നു. ഹാരോൾഡ് ലാർവുഡിന്റെ പന്തുകളേറ്റ് ഓസ്‌ട്രേലിയൻ താരങ്ങൾ പിടഞ്ഞു. അടുത്ത രണ്ട് ടെസ്റ്റും ജയിച്ച് ആഷസ് 4-1 നു സ്വന്തമാക്കിയ ഇംഗ്ലണ്ട് ജയം ആഘോഷിച്ചു. അങ്ങനെ ബ്രാഡ്മാനെ തളക്കാൻ ഒരു വഴി ജാർഡിൻ കണ്ടു പിടിച്ചു. 4 ടെസ്റ്റുകളിൽ നിന്നായി 56.57 ശരാശരിയിൽ 396 റൺസ് നേടിയ ബ്രാഡ്മാൻ മെരുക്കപ്പെട്ടപ്പോൾ ഏതു രീതിയിലും കളി ജയിക്കുക എന്നത് ഇംഗ്ലീഷ് മുദ്രാവാക്യമായി.
എന്നാൽ വലിയ വിഭാഗം ഇംഗ്ലീഷ്കാരിൽ പോലും നാണക്കേടാണ് ഈ ജയം ഉണ്ടാക്കിയത്. ലെഗ് തിയറിയെ നിയമം കൊണ്ട് മറികടക്കാൻ മുഖ്യപങ്ക് വഹിച്ച വാർണർ തന്റെ പ്രായശ്ചിത്തം നിർവഹിച്ചു. പിന്നീട് ഒരു ടെസ്റ്റ് പോലും ഹാരോൾഡ് ലാർവുഡ് ഇംഗ്ലണ്ടിനായി കളിച്ചില്ല, എന്നാൽ ഒരിക്കൽ പോലും തന്റെ പ്രവർത്തിക്കു മാപ്പ് പറയാനും അദ്ദേഹം തയ്യാറായില്ല. നിയമങ്ങൾക്ക് അകത്ത് നിന്നാണ് ഡഗ്ലസ് ജാർഡിൻ കളി ജയിച്ചത് എന്നും അല്ല മാന്യതയുടെ എല്ലാ അതിർവരമ്പുകളും അദ്ദേഹം ലംഘിച്ചു എന്നും വാദങ്ങൾ പലതും ഉണ്ടായി. ഏതാണ്ട് 90 വർഷങ്ങൾക്ക് ഇപ്പുറവും ആ ഇംഗ്ലീഷ് നായകൻ വിചാരണ നേരിടുകയാണ്. ഇന്നും അദ്ദേഹത്തിന്റെ പ്രവർത്തി നീതികരിക്കാവുന്ന ഒന്നാണോ എന്ന ചോദ്യമുയരുന്നു. എന്ത് വില കൊടുത്തും ജയമെന്ന ജാർഡിന്റെ മുദ്രാവാക്യം ലോകം അധികം വൈകാതെ ഏറ്റെടുക്കുന്നതാണ് തുടർന്ന് നടന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ലോകം കണ്ടത്. ജയം ജയം മാത്രമാണ് ലക്ഷ്യമെന്ന് ചർച്ചിൽ ആക്രോശിച്ചു. തങ്ങളുടെ ചെയ്തി കളിയുടെ നിയമപരിധിക്കു ഉള്ളിൽ ആണെന്നും നീതികരിക്കാവുന്നതാണെന്നുമുള്ള ഉത്തമബോധ്യമാണ് രക്തവും വിയർപ്പും കണ്ണീരും വീഴ്ത്തി പോലും ജയിച്ച് കയറാൻ ഹാരോൾഡ് ലാർവുഡിനെ ഡഗ്ലസ് ജാർഡിനെ സഹായിച്ച ഘടകം. അവർ തെറ്റുകാരാണോ എന്ന ചോദ്യം എന്നും ഉയർന്നു തന്നെ കേൾക്കും. എത്ര പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡോക്‌മെന്ററികൾ, ടെലിവിഷൻ പരമ്പരകൾ ഒക്കെയും ചർച്ച ചെയ്തതും ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നതും സംവാദത്തിൽ ഏർപ്പെടുന്നതും ആ ചോദ്യത്തിനുള്ള ഉത്തരം തേടിയാണ്. എങ്കിലും ഒന്നുറപ്പാണ് ആഷസിലെ ശത്രുതയെ, വീര്യത്തെ നിർവചിക്കാനുള്ള അവസാനവാക്ക് ആകുന്നു 1932-33 ലെ ആ ബോഡി ലൈൻ പരമ്പര എന്നു കുപ്രസിദ്ധി നേടിയ ആ ആഷസ് പരമ്പര.